പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന്‍ ഖാന് വമ്പന്‍ തിരിച്ചടി.ഇമ്രാന്റെ പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്‍ (എം.ക്യു.എം-പി) പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പ്രതിപക്ഷ നേതാവും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരി ട്വിറ്ററിലൂടെ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന കാര്യം വെളിപ്പെടുത്തി. “ഐക്യ പ്രതിപക്ഷവും എംക്യുഎമ്മും ധാരണയിൽ എത്തിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. “ഞങ്ങൾ നാളെ ഒരു പത്രസമ്മേളനത്തിൽ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കിടും,” അദ്ദേഹം കൂട്ടിച്ചേർത്തു.
342 അംഗ പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം വിജയിപ്പിക്കാന്‍ 172 അംഗങ്ങളുടെ പന്തുണയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വേണ്ടത്. 179 അംഗങ്ങളുടെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ 2018-ല്‍ അധികാരത്തിലേറുന്നത്. എം.ക്യു.എം പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്റെ പാര്‍ട്ടിക്ക് 164 പേരുടെ പിന്തുണയാണുള്ളത്. ഇതോടെ 177 അംഗങ്ങളുടെ പിന്തുണയുള്ള പ്രതിപക്ഷത്തിന് വിമത പി.ടി.ഐ അംഗങ്ങളുടെ പിന്തുണയില്ലാതെ തന്നെ അവിശ്വാസ പ്രമേയം വിജയിപ്പിക്കാനാകും.
അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയിലെ ചില അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ 24 വിമതര്‍ പരസ്യപ്രഖ്യാപനം നടത്തിയിരുന്നു. സൈന്യത്തിന്റെ പിന്തുണ നഷ്ടമായതും ഇമ്രാന്‍ ഖാന് തിരിച്ചടിയായിരുന്നു. എന്നാല്‍, അവിശ്വാസ പ്രമേയത്തിന് മുന്‍പ് രാജിവെയ്ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.