കുന്ദമംഗലം: ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക വിദ്യാഭ്യാസ കേന്ദ്രമായ മർകസിൽ നിന്ന് പഠനം പൂർത്തീകരിച്ചവർക്കുള്ള സനദ്ദാന സമ്മേളനം ഫെബ്രുവരി 5 വ്യാഴാഴ്ച നടക്കും. സമ്മേളന പരിപാടികൾക്ക് തുടക്കം കുറിച്ച് ഇന്ന് (വെള്ളി) ഉച്ചക്ക് 1:30 ന് നഗരിയിൽ പതാക ഉയർത്തും. ഞായറാഴ്ച (ഫെബ്രുവരി 1) മുതൽ വിവിധ ആത്മീയ-വൈജ്ഞാനിക സംഗമങ്ങൾ ആരംഭിക്കും.
ജാമിഅ മർകസിലെ വിവിധ ഡിപാർട്മെന്റുകളിൽ നിന്ന് 517 സഖാഫികളും 31 കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പ്രതിനിധി മീറ്റ്, യുവ സംരംഭക കോൺക്ലേവ്, പ്രവാസി സമ്മിറ്റ്, അധ്യാപക സംഗമം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
ഫെബ്രുവരി 1 മുതൽ 4 ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മർകസ് സെൻട്രൽ ക്യാമ്പസിൽ വൈകുന്നേരം 7 ന് മതപ്രഭാഷണം നടക്കും. തിങ്കൾ വൈകുന്നേരം 4 ന് ബറാഅത്ത് ആത്മീയ സംഗമം, ബുധൻ രാത്രി അഹ്ദലിയ്യ ആത്മീയ സംഗമം എന്നിവയും നടക്കും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, സയ്യിദ് ജസീൽ കാമിൽ സഖാഫി, ഇബ്റാഹീം സഖാഫി താത്തൂർ, അനസ് അമാനി പുഷ്പഗിരി, അബ്ദുൽ ഹകീം അഹ്സനി കാമിൽ സഖാഫി തൊഴിയൂർ തുടങ്ങിയവർ ആത്മീയ സംഗമങ്ങൾക്കും മതപ്രഭാഷണത്തിനും നേതൃത്വം നൽകും.
വ്യാഴാഴ്ച നടക്കുന്ന സനദ് ദാന പൊതു സമ്മേളനത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങളും മത പണ്ഡിതരും സാമൂഹിക-രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കും.

