
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനം. ഗാന്ധിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങള്‍ തന്നെയാണ് ഈ ദിനത്തിന്‍റെ സന്ദേശം.എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്നാണ് മഹാത്മാഗാന്ധി ലോകത്തോട് വിളിച്ചു പറഞ്ഞത്. ഗാന്ധിയുടെ ജീവിതം മാത്രമല്ല മരണവും സന്ദേശമാണ്. 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റു വിഴുമ്പോള്‍ ‘ഹേ റാം’ എന്ന് ഹൃദയം നുറുങ്ങി വിളിച്ചത് മഹാത്മഗാന്ധി മാത്രമല്ല മതവര്‍ഗ്ഗീയവിഷം തീണ്ടാത്ത മനുഷ്യകുലം ഒന്നാകെയായിരുന്നു.1869 ഒക്ടോബര്‍ 2ന് പോര്‍ബന്തറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 22ാം വയസ്സില്‍ ബാരിസ്റ്ററായി. 21 വര്‍ഷം വര്‍ണവിവേചനത്തിന്‍റെ തടവറകള്‍ നിറഞ്ഞ ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചപ്പോള്‍ മനസ്സിലുണര്‍ന്ന വിമോചനചിന്തയാണ് ബാരിസ്റ്റര്‍ ഗാന്ധിയെ മഹാത്മാഗാന്ധിയാക്കിയത്. അവസാനത്തെ മനുഷ്യനും ചങ്ങലകള്‍ ഭേദിക്കുന്നതുവരെയുള്ള പോരാട്ടമാണ് തന്‍റെ ജീവിതദൗത്യമെന്ന് ഗാന്ധി മനസ്സിലുറപ്പിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്.1914ല്‍ ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ഇന്ത്യന്‍ സ്വതന്ത്ര്യസമരം ഒരു മതേതര ബഹുജന മുന്നേറ്റമായത്. 1917ല്‍ ചമ്പാരന്‍ സത്യാഗ്രത്തിലൂടെ ഇന്ത്യയിലെ കര്‍ഷകമഹാശക്തിയെ ഗാന്ധി സ്വാതന്ത്ര്യസമരത്തിന്‍റെ മുഖ്യശക്തിയാക്കി. ഖിലാഫത്ത് സമരം, നിസ്സഹകരണ സമരം, ഉപ്പുസത്യാഗ്രം, ക്വിറ്റിന്ത്യാ പ്രക്ഷോഭം- എന്നിങ്ങനെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങളുടെ പ്രവാഹത്തില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് പിടിച്ചുനില്‍ക്കാനായില്ല
1947 ആഗസത് 15ന് രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടാണെങ്കിലും ഇവിടെ സ്വാതന്ത്ര്യത്തിന്‍റെ പതാക പാറിപ്പറന്നു. വിഭജനത്തില്‍ അതീവ ദു:ഖിതനായ ഗാന്ധി ആ ആഘോഷങ്ങളിലൊന്നും പങ്കെടുത്തില്ല. മാത്രമല്ല അദ്ദേഹം വര്‍ഗീയസംഘര്‍ഷത്തില്‍ മുറിവേറ്റ ജനതയെ സമാശ്വസിപ്പിക്കുന്ന സത്യാഗ്രഹത്തിലായിരുന്നു. ഇന്നത്തെ സംഘപരിവാര്‍ സംഘടകളുടെ മുന്‍ഗാമികള്‍ ഗാന്ധിക്കെതിരെ നിറയൊഴിക്കാന്‍ അത് സുവര്‍ണ്ണാവസരമാക്കി.ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മാത്രമല്ല ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയുമുള്ള ദ്വിമുഖ പോരാട്ടമായിരുന്നു മഹാത്മഗാന്ധിയുടെ സ്വാതന്ത്ര്യസമര ജീവിതം. ഗാന്ധിയെ വെടിവെച്ചു കൊന്നിട്ടും വിദ്വേഷ രാഷ്ട്രീയത്തിന്‍റെ വിഷം ശമിക്കാത്തവര്‍ രാജ്യത്തിന്‍റെ മതനിരപേക്ഷതയുടെ നെഞ്ചിലേക്കാണ് ഇപ്പോള്‍ തുടരെ തുടരെ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നത്. അവിടെ ഗാന്ധിയുടെ ഓര്‍മ്മകളെ പോലെ ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍വശക്തമായ മറ്റൊരു ആയുധവുമില്ല.