
നെട്ടയത്തെ സ്വകാര്യ സ്കൂൾ ബസിനുള്ളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശം അനുസരിച്ചായിരുന്നു തുടർ നടപടികൾ.
അതേസമയം, കത്തിക്കുത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സ്കൂൾ ബസിന്റെ പിൻഭാഗത്ത് വെച്ചാണ് ആക്രമണം നടന്നതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത് നടന്നത്.ലാബ് ആവശ്യത്തിനായി കൊണ്ടുവന്ന ചെറിയ കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഒൻപതാം ക്ലാസുകാരനെ കുത്തുകയായിരുന്നുവെന്നാണ് വിദ്യാർത്ഥി നൽകിയ മൊഴി. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.