നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലെ റെയ്ഡ് വിവരങ്ങൾ ചോർന്നു.കഴിഞ്ഞ തവണത്തേതിൽ നിന്ന് വിപരീതമായി ഇത്തവണ കേരള പൊലീസിനെ കൂടി അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ്.നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിലായിരുന്നു കേന്ദ്ര ഏജന്‍സിയുടെ റെയ്ഡ്. പത്തനംതിട്ടയിൽ മൂന്നിടങ്ങളിൽ റെയ്ഡ് നടക്കുമ്പോൾ നേതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. റെയ്ഡ് വിവരം ചോർന്നത് ഗൗരവമായി കണ്ട എൻഐഎ വിശദമായ അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.കൊല്ലത്ത് മുന്‍ ജില്ലാ പ്രസിഡന്‍റിന്‍റെ വീട്ടില്‍നിന്ന് ഫോണുകള്‍ പിടിച്ചെടുത്തതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞു. മലപ്പുറത്ത് മുന്‍ ദേശീയ പ്രസിഡന്‍റ് ഒഎംഎ സലാമിന്‍റെ സഹോദരന്‍റെ വീട്ടിലും പരിശോധന നടന്നു.എൻഐഎ നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ടുണ്ട്. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ നിന്ന് ആയുധങ്ങൾ ലഭിച്ചതായാണ് സൂചന.മുന്‍ നേതാക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിഎഫ്‌ഐ യൂണിഫോമുകളും എന്‍ഐഎ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.