ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയില്‍ ഇരട്ട സെഞ്ചുറി തികച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി.ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റിന്‍റെ മൂന്നാം ദിനം അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് വിക്കറ്റ് സമ്പാദ്യം ഷമി 200 ആക്കിയത് . തന്റെ കരിയറിലെ 55-ാം ടെസ്റ്റിലാണ് ഷമി 200 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ചത്
200 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ച ഷമിയെ പ്രശംസകൊണ്ട് മൂടി വൈറ്റ്-ബോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ . ഇരട്ട സെഞ്ചുറി എപ്പോഴും സ്‌പെഷ്യലായ നമ്പര്‍ ആണെന്നാണ് ഹിറ്റ്മാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്., ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ചുറി താന്‍ നേടിയിട്ടുള്ളത് പറയാതെ പറയുകയാണ് രോഹിത് ശര്‍മ്മ
കപിൽ ദേവ്, ഇശാന്ത് ശർമ്മ, സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് എന്നിവരാണ് ഷമിക്ക് മുൻപ് 200 വിക്കറ്റ് ക്ലബിൽ ഇടംപിടിച്ച ഇന്ത്യൻ പേസർമാർ. കപിൽ ദേവ് 434ഉം ഇശാന്തും സഹീറും 311ഉം ശ്രീനാഥ് 236ഉം വിക്കറ്റ് നേടിയിട്ടുണ്ട്.
ഒന്നാം ഇന്നിംഗ്‌സില്‍ 327 റൺസ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തില്‍ ഇന്ത്യ 197ല്‍ തളച്ചു. 16 ഓവറിൽ 44 റൺസ് മാത്രം വഴങ്ങിയാണ് ഷമി അഞ്ച് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍മാരെ മടക്കിയത്. എയ്‌ഡൻ മർക്രാം(13), കീഗൻ പീറ്റേഴ്‌സൺ(15), തെംബ ബാവുമ(52), വിയാൻ മുൾഡർ(12), കാഗിസോ റബാഡ(25) എന്നിവരാണ് ഷമിക്ക് മുന്നില്‍ അടിയറവുപറഞ്ഞത്