ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ്‌യും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമായ മാസ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രീലില്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതല്‍ റിലീസ് അനിശ്ചിതമായി വൈകുകയായിരുന്നു. ഇടയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അക്കാര്യം വിലപ്പോയില്ല. ആരാധകര്‍ക്ക് ആഘോഷിക്കാവുന്ന തരത്തില്‍ തിയേറ്ററില്‍ തന്നെയാവണം ചിത്രത്തിന്റെ റിലീസ് എന്ന് അണിയറക്കാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
2021 ജനുവരി 13നാണ് ‘മാസ്റ്ററിന്റെ’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനഗരം,കൈതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ നിര്‍മ്മിക്കുന്നത് എക്‌സ്.ബി. ഫിലിം ക്രിയേറ്റേഴ്‌സാണ്.
വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസാവും മാസ്റ്റര്‍. ഹിന്ദി, കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായാണ് ചിത്രം എത്തുന്നത്. പത്തു മാസങ്ങള്‍ക്കു മുന്‍പേ റിലീസ് ചെയ്യാന്‍ തയാറായിരുന്ന സിനിമയാണിത്. എന്നിരുന്നാലും മറ്റു ചിത്രങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റുഫോമുകള്‍ തേടിപ്പോയപ്പോള്‍ മാസ്റ്റര്‍ തിയേറ്റര്‍ റിലീസിനായി കാത്തിരുന്നു.
കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടീസര്‍ റെക്കേര്‍ഡ് കാഴ്ച്ചക്കാരുമായി യൂറ്റിയൂബില്‍ തരംഗമായിരുന്നു. വിജയ്-വിജയ് സേതുപതിമാരുടെ പ്രകടനത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ എന്നിവരാണ് നായികമാര്‍. അര്‍ജുന്‍ ദാസ്, ഗൗരി കിഷന്‍, ശാന്തനു ഭാഗ്യരാജ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. മാസ്റ്ററിന്റെ തീം സോംഗ് ഇതിനോടകം വമ്പന്‍ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.