സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാൻ കുട്ടികളെ പഠിപ്പിക്കണം: മുഖ്യമന്ത്രി
സമ്പാദ്യ ശീലം വളർത്തുകയല്ല, ശരിയായ ജീവിതം നയിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾക്കു സമ്പാദ്യം എന്തിനാണ് എന്ന കാര്യത്തിൽ ഗൗരവമായ ചർച്ച വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ‘വിദ്യാനിധി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണു മുഖ്യമന്ത്രിയുടെ അഭിപ്രായം.
സമ്പാദ്യത്തെക്കുറിച്ചുള്ള വലിയ ചിന്ത കേരളീയ സമൂഹത്തിന്റെ പ്രത്യേകതയാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുമൂലം ജീവിക്കാൻ മറന്നുപോയ ചിലരുണ്ട്. മക്കൾ വളരുന്നതുകൊണ്ടു മക്കൾക്കുവേണ്ടി രക്ഷിതാക്കൾ സമ്പാദിക്കുന്നു. ഇത് ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. കുട്ടികൾ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ അവരുടേതായ മാർഗങ്ങളിലൂടെ ജീവതത്തിനായുള്ള കാര്യങ്ങൾ കണ്ടെത്തുന്നതാണു മറ്റു പല സ്ഥലങ്ങളിലുമുള്ളത്. അച്ഛനും അമ്മയും സമ്പാദിച്ചതിന്റെ ഭാഗമായിട്ടല്ല അവിടെ കുട്ടികൾ കാര്യങ്ങൾ ചെയ്യുന്നത്. കാലം മാറുമ്പോഴും നാം പഴയ ധാരണയിൽത്തന്നെയാണ്.
കുട്ടികളിൽ അമിതമായ സമ്പാദ്യബോധം ഉണ്ടാക്കാൻ പാടില്ല. സമൂഹത്തിനു വേണ്ടി ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണു വേണ്ടത്. അടുത്തുള്ള ഒരു കുട്ടി വിഷമിക്കുന്നുണ്ടെങ്കിൽ തന്റെ കൈയിലുള്ള പണം നൽകി സഹായിക്കേണ്ടതു കടമയാണെന്ന ധാരണ കുട്ടികളിൽ സൃഷ്ടിക്കാൻ കഴിയണം. അത്തരം ചിന്തയിൽ കുട്ടികളെ വളർത്തണം. തന്റെ കൈയിലുള്ള പണം ഒരിക്കലും നഷ്ടപ്പെട്ടുകൂടെന്നും നാളേയ്ക്കുള്ള സമ്പാദ്യമായി വയ്ക്കണമെന്നും കുട്ടിയായിരിക്കുമ്പോൾത്തന്നെ ബോധ്യമുണ്ടാക്കേണ്ടതില്ലെന്നാണു തോന്നുന്നത്. ദുർവ്യയം പാടില്ല. ദുർവ്യയത്തിനെതിരായ ബോധവത്കരണമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ ഭാവിക്കായി രക്ഷിതാക്കൾക്കു കുട്ടിയുടെ പേരിൽ നിക്ഷേപം നടത്താൻ കഴിയുംവിധമാണു കേരള ബാങ്കിന്റെ വിദ്യാനിധി പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്നും കുട്ടികളുടെ ഭാവി വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഉപകരിക്കാൻ കഴിയുന്ന നല്ല പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജവഹർ സഹകരണഭവനിൽ പുസ്തക പ്രദർശനം
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡിസംബർ ഒന്ന് മുതൽ എട്ട് വരെ ജവഹർസഹകരണഭനവിൽ സർവവിജ്ഞാനകോശം വാല്യങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. പ്രദർശനത്തിൽ വാല്യങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട് ലഭിക്കും. ഇൻസ്റ്റിറ്റ്യൂട്ട് പുതുതായി പ്രസിദ്ധീകരിച്ചിട്ടുള്ള നിയമവിജ്ഞാനകോശം മുഖവിലയിൽ നിന്നും 30 ശതമാനം ഡിസ്‌കൗണ്ടിലും ലഭിക്കും.
തൊഴിൽ തർക്ക കേസ് വിചാരണ
പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ ഡിസംബർ 6, 7, 13, 14, 20, 21, 27, 28 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർ.ഡി.ഒ. കോർട്ട്) 3, 9 തീയതികളിൽ പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും 17, 31 തീയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽ തർക്ക കേസുകളും ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യുമെന്ന് പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സെക്രട്ടറി അറിയിച്ചു.
ഡ്രൈവർമാർക്ക് പരിശീലനം
സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങൾ, രാസപദാർഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിലും സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിലുമുള്ള ശാസ്ത്രീയ പരിശീലനം ഡിസംബർ 8, 9, 10 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനം കേന്ദ്രത്തിൽ നടക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2779200.
ഡെപ്യൂട്ടേഷൻ അപേക്ഷിക്കാം
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.kelsa.nic.in.
ചെയിൻ സർവെ പരിശീലനം
തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവെ സ്‌കൂളുകളിൽ നടത്തുന്ന മൂന്നു മാസത്തെ ചെയിൻ സർവെ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 31ന് മുൻപായി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള സർവെ ഡയറക്ടർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ സർവെ വകുപ്പിന്റെ വെബ് സൈറ്റിലോ സർവെ ഡയറക്ടറേറ്റിലോ 0471-2337810 എന്ന നമ്പറിലോ ലഭിക്കും.
സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ
വിലക്കയറ്റത്തിന് അറുതി വരുത്താൻ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ എട്ടിനു പാളയത്ത് ഭക്ഷ്യ – പൊതു വിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും. ഇതിനൊപ്പം വയനാട്, കാസർഗോഡ് ജില്ലകളിലും ജില്ലാതല ഉദ്ഘാടനം നടക്കുമെന്നു സപ്ലൈകോ സിഎംഡി അലി അസ്ഗർ പാഷ അറിയിച്ചു. ഡിസംബർ ഒൻപതു വരെ സഞ്ചരിക്കുന്ന വിൽപ്പനശാലകൾ വിവിധ താലൂക്ക് കേന്ദ്രങ്ങളിലെത്തും.

