ഹർഭജൻ സിംഗിനെ പിന്തള്ളി 418 വിക്കറ്റുകളുമായി ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായി ടെസ്റ്റ് കരിയറിൽ പുതിയൊരു നേട്ടവുമായി രവിചന്ദ്രൻ അശ്വിൻ.
ഹർഭജന് 416 വിക്കറ്റ് നേടാൻ 103 മത്സരങ്ങൾ വേണ്ടിവന്നുവെങ്കിൽ .വെറും 80 മത്സരങ്ങളിൽനിന്നാണ് അശ്വിൻ 418 വിക്കറ്റുകൾ വാരിക്കൂട്ടിയത്. അശ്വിന്റെ പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
കാൺപൂർ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിലെ മൂന്നുവിക്കറ്റ് നേട്ടത്തോടെ 416 വിക്കറ്റുമായി ഹർഭജനൊപ്പമായിരുന്ന അശ്വിൻ.രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യൻ വിജയപ്രതീക്ഷകൾക്കു മുൻപിൽ തടസമായി നിന്ന കിവീസ് ഓപണർ ടോം ലഥാമിനെ പുറത്താക്കിയാണ് തന്റെ നേട്ടം സ്വന്തമാക്കിയത്. വേഗം കുറഞ്ഞ് ഓഫ്സ്റ്റംപിനു പുറത്തുവന്ന പന്ത് കവറിലേക്കടിക്കാൻ ലഥാം ശ്രമിച്ചപ്പോൾ ഇൻസൈഡ് എഡ്ജായി വിക്കറ്റിൽ പതിക്കുകയായിരുന്നു. ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിന്റെ വിക്കറ്റ് കൂടി പിഴുത് താരം വിക്കറ്റ് നേട്ടം 418 ആയി ഉയർത്തി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ 13-ാമനുമായിരിക്കുകയാണ് അശ്വിൻ. 800 വിക്കറ്റുകളുമായി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ. 619 വിക്കറ്റുമായി മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ വിക്കറ്റ് വേട്ടക്കാരിൽ നാലാമനും 434 വിക്കറ്റുമായി കപിൽദേവ് ഒൻപതാമനുമാണ്.
ഈ നൂറ്റാണ്ടിൽ സ്വന്തം മണ്ണിലെ വിക്കറ്റ് വേട്ടയിൽ ലോകത്ത് നാലാമനുമാണ് അശ്വിൻ. 291 വിക്കറ്റുകളാണ് താരം ഇന്ത്യയിൽ നേടിയത്. ജിമ്മി ആൻഡേഴ്‌സൻ, സ്റ്റുവർട്ട് ബ്രോഡ്, മുത്തയ്യ മുരളീധരൻ എന്നിവരാണ് അശ്വിന് മുൻപിലുള്ളത്.