
കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ച്?’ പ്രതിഷേധം കത്തുന്നു. നാലാം ദിവസത്തിലേക്ക് കടന്ന സമരം ഒത്തുതീര്‍പ്പിനുള്ള ശ്രമം പാളി.
ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് സമരം തീര്‍ക്കാന്‍ ഇടപെട്ടെങ്കിലും മുന്നോട്ടു വച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളി. പ്രതിഷേധം അടിച്ചമര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സര്‍ക്കാറിന്റെ നിര്‍ദേശം ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു. എന്നാല്‍, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലെന്നും ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്നും കര്‍ഷക സംഘടനകള്‍ അറിയിക്കുകയായിരുന്നു.
സിന്‍ഖു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത് പ്രധാനമായും പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കര്‍ഷക സംഘടനകളുമായി ഡിസംബര്‍ മൂന്നിന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുമ്പ് ചര്‍ച്ചകള്‍ വേണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഇടത്തേക്കു പ്രതിഷേധക്കാര്‍ മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്താല്‍ തൊട്ടടുത്ത ദിവസം തന്നെ ചര്‍ച്ചയാകാമെന്നായിരുന്നു അമിത്ഷായുടെ വാഗ്ദാനം.
കൂടുതല്‍ കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതോടെ ഡല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കൂടുതല്‍ സുരക്ഷ സേനയെ അതിര്‍ത്തിയിലെ സിന്‍ഖുവില്‍ വിന്യസിച്ചു.

