ഗുജറാത്ത് പിടിച്ചടക്കാനുള്ള ശ്രമങ്ങളുമായി ആംആദ്മി പാർട്ടി.ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കണ്ടെത്താൻ പൊതുജനാഭിപ്രായം തേടി പാർട്ടി മേധാവി അരവിന്ദ് കെജ്രിവാൾ. ഇതിൻ്റെ ഭാഗമായുള്ള ‘ചൂസ് യുവർ ചീഫ് മിനിസ്റ്റർ കാമ്പയിന് കെജ്‌രിവാൾ തുടക്കം കുറിച്ചു.‘നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൂ’ എന്ന പ്രചാരണ പരിപാടിക്കാണ് ഗുജറാത്തിൽ എഎപി തുടക്കം കുറിച്ചത്. വമ്പൻ റാലികളും സൗജന്യ വൈദ്യുതി, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുമായി സംസ്ഥാനത്തായാകെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് ഗുജറാത്തിൽ എഎപി നടത്തുന്നത്.ജനാധിപത്യത്തിൽ ജനങ്ങളാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കേണ്ടത്. 2016ൽ ബിജെപി ചോദിച്ചില്ല, 2021ലും ചോദിച്ചില്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് പൊതുജനങ്ങളോട് ചോദിച്ചാണ് ആംആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പഞ്ചാബിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് ഞങ്ങൾ ജനങ്ങളോടാണ് ചോദിച്ചത്. ജനങ്ങളുടെ ആഗ്രഹപ്രകാരം ഭഗവന്ത് മാനെ തീരുമാനിച്ചു” എഎപി നേതാവ് പറഞ്ഞു.‘ആം ആദ്മി പാർട്ടി ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരായാലും ഗുജറാത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. അതിനാൽ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പൊതുജനം പറയണം. 6357000360 എന്ന നമ്പറിൽ പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാം. ഈ നമ്പറിൽ നിങ്ങൾക്ക് SMS അല്ലെങ്കിൽ WhatsApp സന്ദേശം അയയ്‌ക്കുകയോ വോയ്‌സ് സന്ദേശം അയയ്‌ക്കുകയോ ചെയ്യാം. നിങ്ങൾക്ക് aapnocm@gmail.com എന്ന ഇമെയിലും അഭിപ്രായം അറിയിക്കാം.’ – കെജ്രിവാൾ പറഞ്ഞു