20 വര്‍ഷത്തിന് ശേഷം തറവാട്ടില്‍ മടങ്ങിയെത്തിയെന്ന് ഇടതുബന്ധം ഉപേക്ഷിച്ച് കോൺഗ്രസിലെത്തിയ ചെറിയാന്‍ ഫിലിപ്പ്. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി ചെറിയാന്‍ ഫിലിപ്പ് അറിയിച്ചത്.
തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസില്‍ തനിക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിപിഎമ്മില്‍ അതില്ല. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ പിന്നെ എകെജി സെന്ററില്‍ കയറാനാകില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
തന്റെ അധ്വാനത്തിന്റെ ഫലം കോണ്‍ഗ്രസിലുണ്ട്. താന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരിക്കുന്നു. സ്ഥിരം പദവിയിലുള്ളവര്‍ മാറണമെന്ന തന്റെ നിലപാട് കോണ്‍ഗ്രസ് ഇന്ന് ശരിവെച്ചിരിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍.
കേരളത്തിനും ഐക്യകേരളം എന്ന സങ്കല്‍പ്പം ഉണ്ടായത് കോണ്‍ഗ്രസ് രൂപീകരണത്തിന് ശേഷമാണ്. രാജ്യത്തെ ഒന്നാക്കി കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നിലനില്‍ക്കണം. കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. ഇന്ത്യ ജീവിക്കണമെങ്കില്‍ കോണ്‍ഗ്രസ് ജീവിക്കണം. കോണ്‍ഗ്രസ് ഭരണത്തിലെത്തണം. അതിനാലാണ് ജീവിതത്തിന്റെ സായാഹ്നത്തില്‍ കോണ്‍ഗ്രസിനെ കെട്ടിപടുക്കാന്‍ ഒപ്പം ചേരുന്നത്. 45 വര്‍ഷക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു.കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റേയും മുന്നേറ്റത്തില്‍ ചോരയും വിയര്‍പ്പും ചൊരിഞ്ഞു. എന്റെ യവ്വൗന ഊര്‍ജ്ജം മുഴുവന്‍ കോണ്‍ഗ്രസില്‍ ചൊരിഞ്ഞു. എന്റെ അധ്വാനത്തിന്റെ നിക്ഷേപം മുഴുവന്‍ കോണ്‍ഗ്രസിലാണ്. അതൊരു സ്ഥിരം നിക്ഷേപമാണ്. എനിക്ക് മടങ്ങിപോകാന്‍ ഒരു പ്രശ്‌നവുമില്ല. എന്റെ അധ്വാനം അവിടെയുണ്ട്.ഞാന്‍ കോണ്‍ഗ്രസില്‍ ഒരു പോരാളിയായിരുന്നു. അതൊന്നും എനിക്ക് വേണ്ടിയല്ല. ഞാന്‍ യൂത്ത് കോണ്‍ഗ്രസില്‍ ആയിരുന്ന സമയത്ത് അധികാര കുത്തക ഉയര്‍ന്നുവന്നു. സ്ഥിരമായി ഒരേ എംഎല്‍എമാര്‍, അധികാര സ്ഥാനങ്ങളില്‍ അത് പാടില്ലായെന്ന് പറഞ്ഞു.പത്ത് വര്‍ഷം കഴിഞ്ഞ എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞു. എന്നാല്‍ അത് തിരസ്‌കരിച്ച് എല്ലാ എംഎല്‍എമാര്‍ക്കും സീറ്റ് കൊടുത്തു. അതില്‍ ക്ഷുഭിതനായി ഞാന്‍ കോണ്‍ഗ്രസ് വിട്ടു. എന്നെ ആരും പുറത്താക്കിയില്ല. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പിലാക്കിയിരിക്കുന്നു. ഞാന്‍ പറഞ്ഞതാണ് ശരിയെന്ന് ചരിത്രം തെളിയിച്ചിരിക്കുന്നു. അത് എനിക്ക് തിരിച്ചുപോക്കിന് സഹായകരമായ അന്തരീക്ഷം ഉണ്ടാക്കി തന്നു.

