
വീണ്ടും ബിജെപിക്കെതിരെ രൂക്ഷമായി വിമര്‍ശനമുന്നയിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ മൗനം പാലിക്കുന്ന ബിജെപി, കശ്മീരിലെ ജനങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ തുടരുകയാണെന്ന് മുഫ്തി പറഞ്ഞു.
‘നിരവധി ഇന്ത്യന്‍ പട്ടാളക്കാരെ കൊന്ന് ചൈന സ്വന്തമാക്കിയ ഭൂമി തിരിച്ചു പിടിക്കൂ. ഇല്ല, ബിജെപി അത് ചെയ്യില്ല, അവര്‍ക്കതിന് കഴിയുകയുമില്ല. കാരണം അതുകൊണ്ട് ചൈനയെ കീഴടക്കാന്‍ ആവില്ലെന്ന് അവര്‍ക്കറിയാം. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ക്കെതിരെയുള്ള അതിക്രമം അവര്‍ തുടരുകയും ചെയ്യുന്നു’ മുഫ്തി പറയുന്നു.
ജമ്മു കശ്മീരിനെ കൊള്ളയടിക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുമെന്നും മുഫ്തി വ്യക്തമാക്കി. വിയോജിപ്പിന്റെ ശബ്ദങ്ങളെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും മുഫ്തി ആരോപിച്ചു.
കശ്മീര്‍ ഒരു ജയിലായി മാറിക്കഴിഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കോ പൊതു പ്രവര്‍ത്തകര്‍ക്കോ അഭിപ്രായം തുറന്നു പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. വിയോജിപ്പിന്റെ ശബ്ദങ്ങള്‍ തടയപ്പെട്ടു. ബിഹാറില്‍ തൊഴിലും ഭക്ഷണവും ആവശ്യപ്പെടുന്ന ജനങ്ങളോട് കശ്മീരില്‍ പോയി ഭൂമി വാങ്ങാനാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് ബിജെപിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും കശ്മീരിനെ ഉപയോഗിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് അവര്‍ മുഫ്തി പറഞ്ഞു.
കശ്മീരില്‍ നിയമവാഴ്ച്ച തകര്‍ന്നെന്നും ജനങ്ങള്‍ കൂട്ടിലടക്കപ്പെട്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ജമ്മു കശ്മീരിനെ കൊള്ളയടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ഓരോ ദിവസവും പുതിയ ചട്ടങ്ങള്‍ കൊണ്ടുവരികയാണ്. ചിലപ്പോള്‍ അവര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു. മറ്റു ചിലപ്പോള്‍ ഞങ്ങളുടെ ഭൂമി വില്‍പ്പനയ്ക്ക് വെക്കുന്നു. എന്തു തന്നെ സംഭവിച്ചാലും ഇനിയും ഞങ്ങള്‍ നിശബ്ദരായിരിക്കില്ല.
ജമ്മു കശ്മീര്‍ ഡവലപ്‌മെന്റ് ആക്ടിലെ ഭൂമിയിടപാടു വ്യവസ്ഥകള്‍ പരാമര്‍ശിക്കുന്ന 17-ാം വകുപ്പില്‍ ‘ജമ്മു കശ്മീരിലെ സ്ഥിര താമസക്കാര്‍’ എന്ന പ്രയോഗം നീക്കം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ വിജ്ഞാപനം. ഇതിനെതിരെയാണ് കശ്മീരിലെ നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക പദവിയുണ്ടായിരുന്നപ്പോള്‍ ജമ്മു കശ്മീരില്‍ സ്ഥിരതാമസക്കാരല്ലാത്തവര്‍ക്കു ഭൂമി വാങ്ങാന്‍ നിയമം അനുവദിച്ചിരുന്നില്ല. കേന്ദ്രഭരണപ്രദേശമായതോടെ പതിനൊന്നിലേറെ നിയമഭേദഗതികളിലൂടെയാണു നിയന്ത്രണം നീക്കിയത്.
തൊഴിലോ ഭക്ഷണമോ ഇല്ലാത്ത ഇന്ത്യയിലെ പാവങ്ങള്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. പുതിയ വിജ്ഞാപനം ബിജെപിയുമായി കൈകോര്‍ത്ത് നില്‍ക്കുന്ന മുതലാളിമാര്‍ക്ക് വേണ്ടിയാണെന്ന് മുഫ്തി ആരോപിച്ചു.

