കാട്ടാക്കടയിൽ കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ പതിമൂന്ന്കാരനെ കണ്ടെത്തി. കുട്ടിയെ കാട്ടാക്കട പോലീസ് സ്റ്റേഷനിലെത്തിച്ചു. ആനാക്കോട് അനിശ്രീയില്‍ (കൊട്ടാരംവീട്ടില്‍) അനില്‍കുമാറിന്റെ മകൻ ഗോവിന്ദ് ഇന്ന് പുലർച്ചെയാണ് വീട് വിട്ടിറങ്ങിയത്. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സിലാണ് കുട്ടിയുണ്ടായിരുന്നത്.
സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സില്‍ കുട്ടിയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലഭിച്ചത്. ബാലാരാമപുരം, കാട്ടാക്കട പോലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. കൗണ്‍സിലിങ് നല്‍കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കും.
‘ഞാന്‍ പോകുന്നു, എന്റെ കളര്‍ പെന്‍സിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന സുഹൃത്തിന് നല്‍കണം’ എന്ന് കുറിപ്പെഴുതിവെച്ചശേഷമായിരുന്നു കുട്ടി വീടുവിട്ടിറങ്ങിയത്. ഇതോടെ കാട്ടാക്കട പോലീസ് അന്വേഷണമാരംഭിച്ചു. പുലര്‍ച്ചെയായിരുന്നു ഗോവിന്ദനെ കാണാതായത്. കുടചൂടി കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പട്ടര്‍കുളം പ്രദേശത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ഗോവിന്ദ് .