ആലുവയിൽ യുവാവ് മൂത്ത സഹോദരനെ വെടിവെച്ചു കൊന്നു. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ(48) ആണ് മരിച്ചത്. അനിയൻ തോമസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സെക്ഷൻ ഓഫീസറാണ് പ്രതി. വീടിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്കിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇരുവരും ഒരു വീട്ടിൽ തന്നെയാണ് താമസം. പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തോമസിന്റെ ബൈക്ക് രാവിലെ പോൾസൺ അടിച്ചു തകർത്തിരുന്നു. ഇതിനെതിരെ തോമസ് പോലീസിൽ പരാതി നൽകി. രാത്രി ഇതേ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ എയർഗൺ ഉപയോഗിച്ച് പോൾസണെ തോമസ് വെടിവെക്കുകയായിരുന്നു.അതേസമയം സഹോദരങ്ങൾ രണ്ട് പേർക്കും മാനസിക പ്രശ്‌നമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. വീട്ടിൽ അച്ഛനും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ അയൽവാസികളുമായി ഒരു കാര്യത്തിനും സഹകരിച്ചിരുന്നില്ല.