കൊച്ചി: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്ക് ജാമ്യം ലഭിക്കണമെങ്കിൽ 5.20 കോടികോടി രൂപ കോടതിയിൽ കെട്ടിവെക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽയിത്. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേറ്റ് കോടതികൾക്കും മാർഗനിർദേശം നൽകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളിൽ നിക്ഷിത തുക കെട്ടിവെച്ചാൽ മാത്രം പ്രതികൾക്ക് ജാമ്യം നൽകിയാൽ മതിയെന്ന് മജിസ്ട്രേറ്റ് കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി സ്വമേധയ എടുത്ത കേസിലാണ് നിർണായക ഇടപെടൽ.
കേസിൽ എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് തുക കെട്ടി വയ്ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും. സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കിൽ ആ തുകയും ക്ലെയിംസ് കമ്മീഷണർക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.