എറണാകുളം-ബെംഗളൂരു റൂട്ടിൽ അനുവദിച്ച താൽക്കാലിക വന്ദേഭാരത് സർവീസ് നിർത്തലാക്കി റെയിൽവേ. സ്പെഷൽ സർവീസ് നീട്ടി വിജ്ഞാപനം ഇറങ്ങാക്കാത്തിനെ തുടർന്ന് സർവീസ് അവസാനിപ്പിച്ചു. മികച്ച വരുമാനമുണ്ടായിട്ടും സർവീസ് നിർത്തലാക്കിയത് യാത്രക്കാർക്കിടയിൽ അതൃപ്തിക്ക് കാരണമായി. എന്നാൽ, ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന സമയം മാറ്റുന്ന കാര്യത്തിൽ തീരുമാനമായ ശേഷം പുനരാരംഭിക്കുമെന്നാണു റെയിൽവേ അധികൃതർ നൽകുന്ന സൂചന. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടുന്ന സമയം രാവിലെ 5.30നു പകരം ആറരയാക്കാൻ ദക്ഷിണ റെയിൽവേ നിർദേശിച്ചിരുന്നു.ആഴ്ചയിൽ മൂന്നു ദിവസത്തെ സർവീസായി ജൂലൈ 25നാണ് എറണാകുളം – ബെംഗളൂരു സ്പെഷൽ സർവീസ് ആരംഭിച്ചത്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ സർവീസ് നീട്ടുമെന്നായിരുന്നു റെയിൽവേ അറിയിച്ചത്. എന്നാൽ, എറണാകുളം–ബെംഗളൂരു സർവീസിന് 105 ശതമാനവും ബെംഗളൂരു–എറണാകുളം സർവീസിന് 88ശതമാനവുമായിരുന്നു ബുക്കിങ്. എട്ട് മാസമായി ഒാടുന്ന മംഗളൂരു – ഗോവ വന്ദേഭാരതിൽ മൊത്തം 31 ശതമാനമാണു ബുക്കിങ്. മികച്ച വരുമാനമാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരതിനുണ്ടായിരുന്നതെന്നും സർവീസ് ദീർഘിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. സർവീസ് തുടരാൻ തീരുമാനിച്ചില്ലെങ്കിൽ ഒാണക്കാലത്തു ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കു യാത്രാക്ലേശം അതിരൂക്ഷമാകും.