തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് മരുന്നെത്തിക്കും. ജര്‍മനിയില്‍ നിന്നാണ് ജീവന്‍രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരം ഡോക്ടര്‍ ഷംസീര്‍ വയലിലാണ് മരുന്നെത്തിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് തിരുവനന്തപുരത്തെത്തും. കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരുംദിവസങ്ങളിലെത്തിക്കും.
പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.