സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. മരങ്ങളും കടപുഴകി വീണു. സാധാരണക്കാരായ മനുഷ്യർ താമസിക്കുന്ന വീടുകളാണ് തകർന്നത്. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി. മഴ കനത്തതോടെ പുഴകളിൽ ജലനിരപ്പ് ഉയരുകയാണ്. കോടഞ്ചേരി ചെമ്പു കടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവൻതുരുത്തി പെരവൻമാട് കടവിൽ തോണി മറിഞ്ഞും അപകടമുണ്ടായി. തോണിയിൽ ഉണ്ടായിരുന്ന മൂന്ന് പേരേയും രക്ഷപ്പെടുത്തി. ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. അതേസമയം, വയനാട്ടിലും വിവിധ ഭാഗങ്ങളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. മഴ കനത്തതോടെ മേപ്പാടിയിൽ മൂന്ന് സ്കൂളുകൾക്ക് അവധി നൽകി. വെള്ളാർമല വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല, മുണ്ടക്കൈ യുപി സ്കൂളുകൾക്കാണ് അവധി നൽകിയത്.കനത്ത മഴയെ തുടർന്ന് മാനന്തവാടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് കൂവളം കുന്നിലേക്ക് പോകുന്ന റോഡിന് സമീപം പുഴയരികിലും മുണ്ടക്കൈയിൽ ജനവാസമില്ലാത്ത മേഖലയിലും മണ്ണിടിച്ചിൽ ഉണ്ടായി. പുത്തുമല കാശ്മീർ ദ്വീപിലെ 3 കുടുംബങ്ങളെയും മുണ്ടക്കൈ പുഞ്ചിരിമട്ടം കോളനിയിലെ അഞ്ചു കുടുംബങ്ങളെയും മുൻകരുതൽ എന്ന നിലയ്ക്ക് ക്യാമ്പുകളിലേക്ക് മാറ്റി. ബാണാസുര സാഗർ അണക്കെട്ടിൽ നിലവിൽ 772.85 ആണ് ജലനിരപ്പ്. 773 മീറ്റർ ആയാൽ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. മലപ്പുറത്ത് ചാലിയാർ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തും കണ്ണൂരിലും മലയോര മേഖലയിൽ മഴ കനത്തതിനാൽ പുഴകൾ നിറഞ്ഞൊഴുകുകയാണ്.