പിഴയിൽ വീണ്ടും പിഴവ്. ഗൾഫിലുള്ള ആൾക്ക് നാട്ടിൽ ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിന് പിഴ ഈടാക്കി. പാറശാല സ്വദേശി അനൂപിന്റെ ഒന്നര വർഷമായി ഓടാത്ത ബൈക്കിനാണ് റൂറൽ ട്രാഫിക് പൊലീസ് 500 രൂപ പിഴ ഈടാക്കിയത്.
ദിവസങ്ങൾക്ക് മുമ്പാണ് ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് കാർ ഉടമയ്ക്കു മോട്ടർ വാഹന വകുപ്പ് പിഴയിട്ടത്. കെഎൽ 55 വി 1610 എന്ന ആള്‍ട്ടോ 800 കാറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാൽ 500 രൂപ പിഴയടയ്ക്കാനാണ് നോട്ടിസ്. തിരൂര്‍ ചെമ്പ്ര സ്വദേശി കൈനിക്കര വീട്ടില്‍ മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴ അടക്കൻ നിർദേശിച്ചിരിക്കുന്നത്.
കിട്ടിയ നോട്ടിസിൽ 2 പേർ ബൈക്കുമായി പോകുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ്ക് വച്ച് ഹെൽമറ്റില്ലാതെ 2 പേർ ബൈക്കിൽ പോകുന്നതാണ് ചിത്രത്തിലുള്ളത്. മുഹമ്മദ് സാലിക്ക് ഈ നമ്പറിലുള്ളത് ഒരു കാറാണ്. ബാവപ്പടി എന്ന സ്ഥലത്താണ് നിയമലംഘനം നടത്തിയതായി നോട്ടിസിൽ പറയുന്നത്.