അമ്മ ക്ലബ്ബാണെന്ന പരാമര്‍ശത്തില്‍ വീണ്ടും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഗണേഷ് കുമാര്‍. അമ്മ ക്ലബ്ബ് ആണെങ്കില്‍ അതില്‍ അംഗമാകാനില്ലെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവനയില്‍ മറുപടിയുമായി ഇടവേള ബാബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനോടാണിപ്പോള്‍ ഗണേഷ്‌കുമാര്‍ പ്രതികരിച്ചത്.
യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ ആൾ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിലല്ല അംഗമായത്. വിജയ് ബാബു ഏതൊക്കെ ക്ലബിലാണ് ഉള്ളതെന്ന് ഇടവേള ബാബു പറയണം. അതിജീവിത ഉന്നയിച്ച ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറയണം. വാശിയോടെ ക്ലബ്ബന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നത് എന്തിന് ആണ്. ആരെ രക്ഷിക്കാൻ ആണ് ഈ ശ്രമമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. റോട്ടറി ക്ലബ്ബിന്‍റേയും ലയൺസ് ക്ലബ്ബിന്‍റേയും നിയമങ്ങൾ അറിയില്ലെങ്കിൽ ഇടവേള ബാബുവിന് ചോദിച്ചറിയാമെന്നും ഗണേഷ് കുമാർ പറഞ്ഞു. അതിജീവിതയുടെ ആരോപണത്തിന് അമ്മ മറുപടി നല്‍കണമെന്നും മോഹന്‍ലാല്‍ വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെടണമെന്നും ഗണേഷ്. നേരത്തെ ഒരു അതിജീവിതയുടെ വിഷയം വന്നപ്പോള്‍ ദിലീപ് എന്താണോ ചെയ്തത് അത് തന്നെ വിജയ് ബാബുവും ചെയ്യണമെന്നും ഗണേഷ് പറഞ്ഞു.
അമ്മ ക്ലബ്ബെന്ന പരാമര്‍ശത്തില്‍ ഇടവേള ബാബുവിന്റ മറുപടി വിക്കിപീഡിയ നോക്കിയെന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു.ഇടവേള ബാബുവിന്റെ പോസ്റ്റിൽ അദ്ദേഹം എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിരിക്കുകയാണ്. അത്രയും പരിജ്ഞാനമുള്ള പ്രൊഫസറൊന്നുമല്ല ഞാൻ”. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ചോദിച്ചത്, ചോദിച്ചതിന് മറുപടി കിട്ടിയില്ല.ഇടവേള ബാബു ഒറ്റയ്ക്ക് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റല്ല ഇപ്പോൾ കാണുന്നതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. കൊട്ടാരക്കരയിലായിരുന്ന താൻ എങ്ങനെ ആ തീരുമാനത്തെ എതിർക്കുമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്.
ഇടവേള ബാബുവിനെ കൈ പിടിച്ചുയർത്തിയത് താനാണ്. ആ ആളാണ് ഇപ്പോൾ തനിക്കെതിരെ പറയുന്നത്. എ എം എം എ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്ന് ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട. സംഘടനയെ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തത് താനാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു. ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ് തുടങ്ങിയ പ്രസ്ഥാനങ്ങളെ വില കുറച്ചല്ല കാണുന്നതെന്നും ‘അമ്മ’ ക്ലബ്ബിന്റെ നിലവാരത്തിലേക്ക് താഴരുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞിരുന്നത്.കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആള്‍ക്കെതിരെ എന്ത് നടപടിയാണ് എടുക്കേണ്ടത്. ബിനീഷ് കോടിയേരിക്കെതിരെ കേസ് വന്നപ്പോള്‍ നടപടിയെടുക്കരുതെന്ന് പറഞ്ഞവരില്‍ ഗണേഷുമുണ്ട്. പിന്നെ എന്താണ് ഇപ്പോള്‍ ഇരട്ട നീതിയെന്നും ഇടവേള ബാബു ചോദിച്ചു. സംഘടനക്കൊപ്പം നിന്ന ഗണേഷിന്റെ ഇപ്പോഴത്തെ നിലപാട് സംഘടനക്ക് അവമതിപ്പുണ്ടാക്കുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.പ്രചാരണത്തിന് സമയമാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞ് വീട്ടിലിരിക്കുമ്പോൾ ടിവിയിൽ വാർത്തയിൽ അമ്മയുടെ യോഗത്തിൽ ഞാനും മുകേഷും ശബ്ദമുയർത്തുന്നു എന്ന് കാണിക്കുന്നു. അന്ന് അച്ഛനുമുണ്ടായിരുന്നു കൂടെ. അദ്ദേഹമാണ് ഇക്കാര്യം കാണിച്ചുതന്നത്. ഇടവേള ബാബുവിനോട് ഇക്കാര്യത്തേക്കുറിച്ച് അന്വേഷിച്ചു. അതിന് ശേഷം ആ വാർത്ത കാണിച്ചില്ല. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടാവാം”.