ചെന്നൈ; തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകം സിബിഐയ്ക്ക് വിടാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തില്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടാനുള്ള തീരുമാനം. ലോക്ഡൗണില്‍ കട തുറന്നതിന്നാണ് സാത്താന്‍കുളം പൊലീസ് പി ജയരാജിനെയും മകന് ജെ ബെന്നിക്സിനെയും കസ്റ്റഡിയിലെടുത്തത്.
കേസില്‍ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുവെങ്കിലും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗുരുതരമായി പരിക്കേറ്റിട്ടും ഇവരെ ജയിലിലടയ്ക്കാന്‍ സാത്താന്‍കുളം മജിസ്ട്രേറ്റ് അനുമതി നല്‍കിയിരുന്നു. ജയിലിലേക്ക് കൊണ്ടുവരുമ്പോള്‍ ബെനിക്സിന്റെ ശരീരത്തില്‍നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.
ഇരുവരുടെയും ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടായിരുന്നുവെന്ന് ആശുപത്രി രേഖകളില്‍ പറയുന്നുണ്ട്. ശരീരത്തിലുണ്ടായിരുന്ന മര്‍ദനമേറ്റ പാടുകളുടെ വിശദാംശങ്ങള്‍ കോവില്‍പെട്ടി സബ്ജയില്‍ ഡോക്ടറും രേഖപ്പെടുത്തിയിരുന്നു. ജയിലില്‍ പ്രവേശിക്കുമ്പോള്‍ ബെന്നിക്സിന്റെ കാലുകളും കൈത്തണ്ടകളും വീര്‍ത്തിരുന്നതായും ജയില്‍ രേഖകളില്‍ പറയുന്നുണ്ട്. ജൂണ്‍ 20ന് റിമാന്‍ഡ് നടപടികള്‍ക്കായി സാത്താന്‍കുളം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.

