സെല്‍ഫി എടുക്കുന്നതിനിടെ കല്ലടയാറ്റില്‍ വീണ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും കോന്നി കൂടല്‍ ചെമ്പില്‍ പറമ്പില്‍ വീട്ടില്‍ മനോജിന്റെ മകളുമായ അപര്‍ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് കാണാതായ അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്.
പത്തനാപുരം വെള്ളാറമണ്‍ കടവില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. സഹപാഠിയായ അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. അനുഗ്രഹയും സഹോദരനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിനവും ഒന്നിച്ചാണ് കല്ലടയാറ്റിന്റെ തീരത്ത് ഫോട്ടോയും വീഡിയോയും എടുക്കാനെത്തിയത്.
ഇതിനിടെ അപര്‍ണ ആറ്റില്‍ വീഴുകയായിരുന്നു. അപര്‍ണയെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മറ്റ് രണ്ടുപേരും ആറ്റില്‍ വീണത്. അനുഗ്രഹയും അഭിനവും അത്ഭുതകരമായി രക്ഷപ്പെട്ടങ്കിലും അപര്‍ണ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.