ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ യഹിയ തങ്ങളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പിടിയിലാകുന്ന ആദ്യ സംസ്ഥാന നേതാവാണ് യഹിയ തങ്ങള്‍. പ്രകടനത്തില്‍ വിദ്വേഷ മുദ്രാവാക്യം ഉയര്‍ന്നതിന്റെ പേരിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്തുവയസുകാരനെ കൗണ്‍സലിംഗിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്.
പത്തുവയസുകാരന്റെ മാതാപിതാക്കളെയും കൗണ്‍സലിംഗിന് വിധേയനാക്കും. കുട്ടിയുടെ പിതാവിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പരിപാടികളില്‍ കുടുംബ സമേതം പങ്കെടുക്കാറുണ്ടെന്നും മകന് മുദ്രാവാക്യം പ്രകടനങ്ങളില്‍ നിന്ന് കേട്ടുപഠിച്ചതാകാമെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അടക്കം നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ പിതാവ് അഷ്കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന് ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന് സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.