കുന്ദമംഗലം : പൂളക്കോട്, ചാത്തമംഗലം വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 88 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഒന്‍പത് വില്ലേജ് ഓഫീസുകള്‍ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ പ്രവൃത്തി നടത്തുന്നത്.
കാരന്തൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന കുന്ദമംഗലം വില്ലേജ് ഓഫീസിന്‍റെ നവീകരണ പ്രവൃത്തിക്ക് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ചെലവിലുള്ള പ്രവൃത്തി പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഒളവണ്ണ, പന്തീരങ്കാവ് വില്ലേജ് ഓഫീസുകള്‍ക്ക് ഈ സര്‍ക്കാരിന്‍റെ കാലത്ത് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ഓഫീസുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവൃത്തിച്ചുവരികയുമാണ്.
പൂളക്കോട് വില്ലേജ് ഓഫീസില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാവൂര്‍ വില്ലേജ് ഓഫീസിനോടനുബന്ധിച്ച് ഡിസാസ്റ്റര്‍ റിലീഫ് സെന്‍റര്‍ നിര്‍മ്മിക്കുന്നതിന് എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിച്ചുവരികയാണ്. പെരുവയല്‍, കുറ്റിക്കാട്ടൂര്‍ വില്ലേജ് ഓഫീസുകള്‍ക്ക് സ്ഥലം ലഭ്യമാവുന്ന മുറയ്ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.