ചിന്നക്കനാൽ: ചിന്നക്കനാലിലെ ജനങ്ങളെ വിറപ്പിച്ച ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയത്തിലേക്ക്. അഞ്ചു തവണ മയക്കുവെടിയേറ്റ അരിക്കൊമ്പനെ ലോറിയിൽ അതി സാഹസികമായാണ് വണ്ടിയിൽ കയറ്റിത് . പ്രതികൂല കാലാവസ്ഥയെ മറികടന്നാണ് ദൗത്യസംഘം ലക്ഷ്യം കണ്ടത്.
ദൗത്യത്തിനിടെയെത്തിയ കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തിയിരുന്നു. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു. 4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്.
ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയിരുന്നില്ല. മയക്കത്തിലും ആന ശൗര്യം കാട്ടിയിരുന്നു. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.