ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്റെ കാലുകൾ വടം കൊണ്ട് കെട്ടി. 5 ഡോസ് മയക്കുവെടിവെച്ചിട്ടും പൂർണമായും മയങ്ങാത്ത അവസ്ഥയിലായിരുന്നു ആന. കുങ്കിയാനകളെ പിൻവലിച്ച് വടം ഉപയോഗിച്ച് കാലുകൾ ബന്ധിപ്പിക്കുകയാണ് നിലവിൽ ചെയ്തത്.
ആദ്യ ഘട്ടത്തിൽ കുങ്കിയാനകളെ അടുത്തെത്തിച്ചപ്പോഴേക്കും അരിക്കൊമ്പൻ നടന്നകലാൻ ശ്രമിക്കുകയായിരുന്നു. പല തവണ അരിക്കൊമ്പന്റെ കാലുകളിലേക്ക് വടം എറിഞ്ഞെങ്കിലും പരാജയപ്പെട്ടിരുന്നു. ആനയെ പ്രകോപിപ്പിക്കരുതെന്ന കോടതി നിർദേശമുള്ളതിൽ വളരെ സൂക്ഷ്മതയോടെയാണ് വനംവകുപ്പിന്റെ നീക്കം.
നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാൻ രംഗത്തുള്ളത്. കാലുകൾ ബന്ധിച്ച ശേഷം കുങ്കിയാനകൾ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്.

