കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ വ്യാപകമായ റെയ്ഡില്‍ 200 ലിറ്റര്‍ വാഷ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ബിജുമോന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കൊയിലാണ്ടി പുത്തന്‍ഞ്ചേരി ദേശത്തു നിന്നും ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ സൂക്ഷിച്ച വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. കോഴിക്കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഉച്ചക്ക് ഈ പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തിയത്. കേസില്‍ ആരെയും തല്‍സമയം പ്രതി ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ അടിയന്തിര സാഹചര്യത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന വ്യാപകമായ റെയ്ഡില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതിനോടകം നാലായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിട്ടുണ്ട്. ഈ കേസുകളുടെ തുടരന്വേഷണം റെയ്ഞ്ച് ഓഫീസുകളിലാണ് നടക്കുന്നത്.ലോക്ക് ഔട്ട് നീട്ടിയ സാഹചര്യത്തില്‍ വിദേശമദ്യലഭ്യത ഇനിയും വൈകുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ റെയ്ഡുകള്‍ക്കാണ് എക്‌സൈസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതിനായി എക്‌സൈസ് സ്‌കോഡിലെ സിവില്‍ എക്‌സൈസ് ആഫിസര്‍മാരെ വ്യാജമദ്യ നിര്‍മ്മാണത്തിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച പ്രദേശങളില്‍ നിരീക്ഷണത്തിനായിപ്രത്യേകം നിയോഗിച്ചിട്ടുണ്ട്.പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജിത്ത്, പ്രജിത്ത് ഫെബിന്‍ എല്‍ദോ, ഡ്രൈവര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.