കോടഞ്ചേരി :തിരുവമ്പാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ സി.കെ. കാസിം ഓശാന ഞായർ ആഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരിയിലെ സെന്റ് മേരീസ് ഫൊറോന പള്ളി സന്ദർശിച്ചു. ചടങ്ങിനിടെ വൈദികന്റെ കൈയിൽ നിന്നും കുരുത്തോല സ്വീകരിച്ച കാസിം വിശ്വാസികളോടൊപ്പം കുരുത്തോല പ്രദക്ഷിണത്തിലും പങ്കെടുത്തു.
സെന്റ് ജോസഫ് എൽപി സ്കൂൾയിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം കോടഞ്ചേരി ടൗൺ ചുറ്റി പള്ളിയിൽ എത്തുന്നതുവരെ കാസിം പ്രദക്ഷിണത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് പള്ളിനടയിലെ കന്യകാമറിയത്തിന്റെ രൂപത്തിന് മുൻപിൽ പ്രാർത്ഥന നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
യുഡിഎഫ് ചെയർമാൻ വി.ഡി. ജോസഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, നേതാക്കളായ ഷിനോയി അടക്കാപ്പാറ, സി.ജെ. ടെന്നിസൺ ചാത്തംകണ്ടത്തിൽ എന്നിവർ കാസിമിനൊപ്പമുണ്ടായിരുന്നു.

