ഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാനെതിരെ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. ഹിന്ദുവിരുദ്ധ അജണ്ടയാണ് മോഹന്‍ലാല്‍ ചിത്രം എംപുരാനില്‍ മുഖപത്രം ആരോപിക്കുന്നു. ചിത്രത്തില്‍ 2002 ലെ കലാപത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുണ്ട്. പൃഥ്വിരാജ് രാഷ്ട്രീയ അജണ്ടയാണ് നടപ്പാക്കിയത്. മോഹന്‍ലാലിന്റെ വേഷം ആരാധകരെ ചതിക്കുന്നതാണ്. ഹിന്ദു വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ സിനിമയാണ് പൃഥ്വിരാജ് നിര്‍മിച്ചതെന്നും ഓര്‍ഗനൈസറില്‍ പറയുന്നു.
2002-ലെ ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസിലെ കുറ്റവാളികളെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ടെന്ന കാര്യം മറക്കരുത്. അതേസമയം കലാപത്തെ ഒരു ഉപകരണമായി ഉപയോഗിക്കാനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അജണ്ട ഇന്ത്യയിലെ ജനങ്ങള്‍ പലതവണ നിരാകരിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. പക്ഷേ, മോഹന്‍ലാലിനെപ്പോലുള്ള അനുഭവസമ്പത്തുള്ള നടന്‍ സമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം മാത്രം വളര്‍ത്തുന്ന കഥ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നതില്‍ ദുരൂഹതയുണ്ട്. പൃഥ്വിരാജിന്റെ രാഷ്ട്രീയം പലപ്പോഴും വ്യക്തമായിട്ടുള്ളതാണ്. എംപുരാനില്‍ ആ ചായ്വുകള്‍ വളരെ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലെ ഓരോ രംഗങ്ങളും മനുഷ്യമനസിനെ അസ്വസ്ഥമാക്കുന്നു. ഇതില്‍ ഹിന്ദു പുരുഷന്മാര്‍ ഒരു മുസ്‌ലിം കുട്ടിയെ നിഷ്‌കരുണം മര്‍ദിക്കുന്നതും ഗര്‍ഭിണിയായ ഒരു മുസ്‌ലിം സ്ത്രീക്കെതിരെ ഭീകരമായ അക്രമം നടത്തുന്നതും ഉള്‍പ്പെടുന്നു. ഈ രംഗങ്ങള്‍ അത്യന്തം ഭീതികരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ഓര്‍ഗനൈസര്‍ പറയുന്നു.