ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ബ്ലെസിയുടെ 16 വര്‍ഷത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം ബ്ലെസി സിനിമ കാണാനായി തിയറ്ററില്‍ പോയിരുന്നില്ല. ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ബ്ലെസിയെ കാണാന്‍ പൃഥ്വിരാജ് എത്തുകയായിരുന്നു.
ബ്ലെസിയുടെ കൊച്ചിയിലെ ഓഫിസിലാണ് താരം എത്തിയത്. ബ്ലെസിയെ കണ്ട ഉടന്‍ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തുന്ന പൃഥ്വിരാജിന്റെ വിഡിയോയും പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരുടേയും ബന്ധം തന്നെയാണ് ആടുജീവിതത്തെ മികച്ചതാക്കിയത് എന്നാണ് കമന്റുകള്‍.
ചിത്രത്തിന്റെ വിജയം ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ഹക്കിം എന്ന വേഷം ചെയ്ത ഗോകുല്‍, ഇബ്രാഹിം കാദിരി എന്ന വേഷം ചെയ്ത ജിമ്മി ജീന്‍ ലൂയിസ്, എഴുത്തുകാരന്‍ ബെന്യാമിന്‍, തുടങ്ങിയവരും ആഘോഷത്തില്‍ പങ്കെടുത്തു.