ക്ഷേത്രത്തിൽ നാടൻ പാട്ട് നടക്കുന്നതിനിടെ ഡാൻസ് കളിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. വിതുര ചാരുപാറ ഗൗരി സദനം വീട്ടിൽ രഞ്ജിത്ത് (35), ഇടിഞ്ഞാർ ഇടവം റാണി ഭവനിൽ ഷിബു (39), വിതുര ചാരുപാറ ശ്രീനന്ദനം വീട്ടിൽ സനൽകുമാർ (42)വിതുര ചേന്നംപാറ സ്കൂളിനുസമീപം താമസിക്കുന്ന സജികുമാർ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ആക്രമണത്തിൽ പാലോട് ഇടവം ചതുപ്പിൽ വീട്ടിൽ അഖിലിന് മുതുകിലും തലയിലും ഗുരുതരമായ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടാണ് സംഭവം നടന്നത്. നാടൻ പാട്ടിനിടെ അഖിൽ ഡാൻസ് കളിച്ചതിൽ പ്രകോപിതരായ പ്രതികൾ അഖിലിനെ അനുനയിപ്പിച്ച് സമീപത്തെ റബ്ബർ പുരയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. അഖിലിനെ മര്‍ദ്ദിച്ച സംഘം കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് അവശനായ യുവാവിനെ പുരയിടത്തിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ പൊലീസ് അന്വേഷണത്തിനൊടുവില്‍ പിടികൂടുകയായിരുന്നു.