മിസൈൽ ഉൾപ്പെടെയുള്ള ആയുധങ്ങൾക്കായുള്ള രണ്ട് ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന്റെ ഭാഗമായി 2017 ൽ കേന്ദ്ര സർക്കാർ ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പെഗാസസ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ കോൺഗ്രസ്
എന്തുകൊണ്ടാണ് മോദി സർക്കാർ ഇന്ത്യയുടെ ശത്രുക്കളെപ്പോലെ പ്രവർത്തിക്കുകയും ഇന്ത്യൻ പൗരന്മാർക്കെതിരെ യുദ്ധം ചെയ്യുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. “പെഗാസസ് ഉപയോഗിച്ചുള്ള നിയമവിരുദ്ധമായ ഒളിച്ചുകളി രാജ്യദ്രോഹത്തിന് തുല്യമാണ്. ആരും നിയമത്തിന് അതീതരല്ല, നീതി ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കബളിപ്പിക്കാൻ ബി.ജെ.പി സർക്കാർ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറുകൾ ഉപയോഗിച്ചു എന്നതിന് നിഷേധിക്കാനാവാത്ത തെളിവാണ് ഇതെന്ന് മാധ്യമ റിപ്പോർട്ട് ഉദ്ധരിച്ച് കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദ് പറഞ്ഞു.
ഈ വിഷയത്തിൽ സർക്കാർ സുപ്രീം കോടതിയെയും പാർലമെന്റിനെയും തെറ്റിദ്ധരിപ്പിച്ചെന്നാണ് റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നതെന്ന് രാജ്യസഭാ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശക്തിസിൻഹ് ഗോഹിൽ ആരോപിച്ചു. സ്പൈവെയർ ഉപയോഗിച്ചത് പ്രതിരോധ ആവശ്യങ്ങൾക്കല്ലെന്നും പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും നിരീക്ഷിക്കാനാണെന്നും ശിവസേന എംപി പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.
റിപ്പോർട്ട് അനുസരിച്ച് രണ്ട് ബില്ല്യണ്‍ ഡോളറിനാണ് പെഗാസസും മിസൈല്‍ സംവിധാനവും ഇന്ത്യ വാങ്ങിയത്. 2017ല്‍ നരേന്ദ്രമോദി സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ പല സര്‍ക്കാരുകൾക്കും ഇസ്രായേല്‍ പെഗസസ് വിറ്റതായാണ് വിവരം.
2019-ല്‍ സോഫ്റ്റ്വെയറിനുള്ളില്‍ നിയമവിരുദ്ധമായി കടന്നുകയറിയെന്നാരോപിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പ് എന്‍എസ്ഓ ഗ്രൂപ്പിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു. നിരവധി ഇന്ത്യൻ പ്രമുഖരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പെഗാസസ് കടന്നുകയറിയതായി കണ്ടെത്തിയെന്ന് ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള സ്ഥാപനം സ്ഥിരീകരിച്ചിരുന്നു. പെഗാസസ് വാങ്ങിയതുമായി ബന്ധപ്പെട്ട മറുപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരുന്നു. 2021 ഓഗസ്റ്റില്‍, എന്‍എസ്ഒ ഗ്രൂപ്പുമായി തങ്ങള്‍ക്ക് ഒരു ബിസിനസ് ഇടപാടും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.