ദില്ലിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസില്‍ ഒന്‍പത് സ്ത്രീകളും രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമടക്കം പതിനൊന്ന് പേർ അറസ്റ്റിൽ. ഇവരെ കൂടാതെ ബലാത്സംഗകേസില്‍ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.രണ്ട് ദിവസം മുൻപ് ദില്ലി ഷാദ്രയില്‍ യുവതിക്ക് നേരെ ആള്‍ക്കൂട്ട അതിക്രമം നടന്നത്. നാലുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്.
എന്നാൽ ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മുഖത്ത് കരി ഓയിൽ പുരട്ടി ചെരുപ്പുമാല അണിയിച്ച് നഗര മധ്യത്തിലൂടെ പ്രദക്ഷിണം ചെയ്യിക്കുകയാണ് ആള്‍ക്കൂട്ടം ചെയ്തത് . ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. പ്രദേശത്ത് മദ്യമാഫിയ്ക്ക് നേതൃത്വം നൽകുന്നയാളാണ് പീഡനക്കേസിലെ പ്രതി. ഇയാളുടെ മകൻ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. ഇതിന് കാരണം പെൺകുട്ടിയാണെന്ന് ആരോപിച്ചാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.