കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ബാര്‍ഡാന്‍സര്‍ എന്ന് വിളിച്ച് ബിജെപി നേതാവ്. നേതാവിനെ വിമര്‍ശിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബുവും രംഗത്തെത്തി. തമിഴ്നാട്ടിലെ ബിജെപി നേതാവായ നിര്‍മ്മല്‍ കുമാറാണ് ട്വീറ്റിലൂടെ സോണിയ ഗാന്ധിയെ ബാര്‍ ഡാന്‍സറെന്ന് വിളിച്ച് അപമാനിക്കാന്‍ ശ്രമിച്ചത്. കരൂറില്‍ വെച്ച രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് മറുപടിയായാണ് നിര്‍മ്മല്‍ കുമാര്‍ ട്വീറ്റ് ചെയ്തത്.
നാഗ്പൂരിലെ നിക്കര്‍ധാരികള്‍ക്ക് ഒരിക്കലും തമിഴ്നാടിന്റെ ഭാവി നിശ്ചയിക്കാന്‍ കഴിയില്ലെന്നാണ് ആര്‍എസ്എസിനെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രസംങ്ങത്തില്‍ പറഞ്ഞത്. ഇതിന് മറുപടിയായി ‘ഇറ്റലിയില്‍ നിന്നുള്ള ഒരു ബാര്‍ ഡാന്‍സറിന് ഇന്ത്യയുടെ ഭാവി നിശ്ചയിക്കാമെങ്കില്‍, ഞങ്ങള്‍ക്ക് തമിഴ്നാടിന്റെ മാത്രമല്ല രാജ്യത്തിന്റെ മുഴുവന്‍ ഭാവി നിശ്ചയിക്കാന്‍ കഴിയും’ എന്നാണ് ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്തതിന് ശേഷം നിര്‍മ്മല്‍ കുമാര്‍ രാഹുലിനെ ടാഗ് ചെയ്യുകയും ചെയ്തു.
നിര്‍മ്മലിന്റെ ബാര്‍ഡാന്‍സര്‍ എന്ന വിളിക്കാണ് ഖുശ്ബു വിമര്‍ശനം ഉന്നയിച്ചത്. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യം പറയുന്നത് ശരിയല്ലെന്നാണ് ബാര്‍ഡാന്‍സര്‍ എന്ന ഹാഷ്ടാടോടെ ഖുശ്ബു ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഖുശ്ബുവിന്റെ ഈ അഭിപ്രായം ചില ആര്‍എസ്എസ്, ഹിന്ദുത്വവാദികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. നിര്‍മ്മലിനെ പിന്തുണച്ച് നിരവധി ആര്‍എസ്എസ് നേതാക്കളും രംഗത്തെത്തിയിരുന്നു. അതേസമയം ബാര്‍ഡാന്‍സര്‍ എന്ന വാക്ക് അസഭ്യമല്ലെന്നും താന്‍ മാപ്പ് പറയില്ലെന്നും നിര്‍മ്മല്‍ വ്യക്തമാക്കിയിരുന്നു. ഖുശ്ബു സമൂഹമാധ്യമത്തില്‍ പരസ്യമായി തന്റെ അഭിപ്രായം പറഞ്ഞതിന് പകരും പാര്‍ട്ടിയോട് പറയുന്നതായിരുന്നു ഉചിതം എന്ന് ചില ബിജെപി നേതാക്കളും അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ സംസ്ഥാന പാര്‍ട്ടി നേതൃത്വം വിശദീകരണം തേടി. എന്നാല്‍ ഖുശ്ബു തന്റെ അഭിപ്രായത്തില്‍ നിന്നും പിന്‍മാറിയില്ല. ‘ഒരു വ്യക്തിയെ മാന്യമായ രീതിയിലാണ് വിമര്‍ശിക്കേണ്ടത്. ഒരു രാഷ്ട്രീയ നേതാക്കളെയും വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല. അത് അനുവദിക്കാനാവില്ല’ എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. താന്‍ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മേദിയെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തിരുന്നു എന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു.