തൃശൂര്‍: അടുത്തയാഴ്ച തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി മിനി പൂരം സംഘടിപ്പിക്കാന്‍ ഒരുങ്ങി പറമേക്കാവ് ദേവസ്വം. ഇതിലൂടെ പൂരം പ്രതിസന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പറമേക്കാവ് ദേവസ്വം ലക്ഷ്യമിടുന്നത്.
മിനിപൂരത്തില്‍ പതിനഞ്ച് ആനകള്‍ ചമയംകെട്ടി അണിനിരക്കും. മേളവും കുടമാറ്റവും മിനി പൂരത്തില്‍ ഉണ്ടാകും. അടുത്തവര്‍ഷം ആദ്യം ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിക്കുന്നുണ്ട്. ഈ സമയത്ത് പറമേക്കാവ് ക്ഷേത്രത്തിന്റെ മുന്‍പില്‍ മിനിപൂരം സംഘടിപ്പിക്കാനാണ് പറമേക്കാവ് ദേവസ്വത്തിന്റെ തീരുമാനം.
തൃശ്ശൂര്‍ പൂരം പ്രതിസന്ധിയില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാനാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമായിരുന്നില്ല. തൃശ്ശൂര്‍ പൂരം എക്‌സിബിഷനുവേണ്ടി രണ്ട് കോടിയിലധികം രൂപയാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വാടകയായി ആവശ്യപ്പെടുന്നത്. പൂരം ഇക്കൊല്ലം ഏപ്രിലില്‍ എത്തുന്നത് കൊണ്ട് തന്നെ എക്‌സിബിഷന്‍ നേരത്തെ തുടങ്ങേണ്ടതുണ്ട്. വാടക സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് പൂര പ്രേമികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

