കോടതി ഉത്തരവിന്റെ ഭാഗമായി വീട് ഒഴിപ്പിക്കാനെത്തിയ അഭിഭാഷക കമ്മിഷനും പൊലീസിനും മുന്നില്‍ പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍.കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ വെച്ച് തീകൊളുത്തിയ രാജന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ശരീരത്തിന്റെ 70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ അമ്പിളി (40) ചികിത്സയിലാണ്. പൊലീസിനെ പിന്തിരിപ്പിക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ലൈറ്റര്‍ പൊലീസ് തട്ടിമാറ്റിയപ്പോഴാണ് തീ ആളിപ്പടര്‍ന്നതെന്നുമുള്ള ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഭാര്യയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം ലൈറ്റര്‍ കത്തിക്കുകയായിരുന്നു. ഇതോടെ പൊലീസ് രാജന്റെ കൈയ്യിലെ ലൈറ്റര്‍ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് തീ പടര്‍ന്നത് എന്നാണ്് ആരോപണം. മക്കളുടെ മുന്നില്‍ വച്ചാണ് ഇരുവരുടെയും ദേഹത്തേക്ക് തീയാളി പിടിച്ചത്. സംഭവത്തില്‍ ഗ്രേഡ് എസ്ഐ അനില്‍കുമാറിനും പൊള്ളലേറ്റിരുന്നു. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പൊലീസെത്തിയത്. തുടര്‍ന്നായിരുന്നു ആത്മഹത്യാ ഭീഷണി.
ഒരു വര്‍ഷം മുമ്പ് തൊട്ടടുത്ത അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കയ്യേറിയതായി കാണിച്ച് കേസ് നല്‍കുകയും നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. കയ്യേറിയ വസ്തുവില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തരുതെന്ന് കോടതി ഉത്തരവിട്ടുവെങ്കിലും കോവിഡ് വ്യാപനകാലത്ത് രാജന്‍ ഇവിടെ കുടില്‍ കെട്ടി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസമാക്കുകയായിരുന്നു. തന്റെ വസ്തുവിലാണ് കുടില്‍ കെട്ടിയതെന്നു രാജന്‍ വാദം ഉന്നയിച്ചതോടെ വസന്ത വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനാണ് കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചത്.

