രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കാന്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ ആഗ്ര ഉള്‍പ്പടെ നാലു ഇന്ത്യന്‍ ചിത്രങ്ങള്‍. പുരുഷ ലൈംഗിക ചോദനയുടെ ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളാണ് ഹിന്ദി ചിത്രം ആഗ്ര പങ്കുവയ്ക്കുന്നത്. കനുബേലാണ് മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ആഗ്രയുടെ സംവിധായകന്‍.
വിഭവസമൃദ്ധമായ മധ്യ ഇന്ത്യന്‍ വനങ്ങളുടെ ഉള്ളറകളിലേക്ക് ഗോത്രവര്‍ഗക്കാരുടെ ജീവിതം കാണാനെത്തുന്ന നായകന്റെ കഥപറയുന്ന ലുബ്ധക് ചാറ്റര്‍ജി ചിത്രം വിസ്പേഴ്‌സ് ഓഫ് ഫയര്‍ ആന്‍ഡ് വാട്ടര്‍, മലയാള ചിത്രങ്ങളായ തടവ്, ഡോണ്‍ പാലത്തറയുടെ ഫാമിലി എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റു ഇന്ത്യന്‍ ചിത്രങ്ങള്‍.
സമകാലിക ഇന്ത്യയിലെ വ്യക്തിബന്ധങ്ങളുടെ സങ്കീര്‍ണതകളും വൈരുധ്യങ്ങളും സോണി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡോണ്‍ പാലത്തറയുടെ ഫാമിലി. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ഏകാകിയും രോഗിയും ആലംബഹീനയുമായ ഗീത, തടവുകാര്‍ക്ക് ലഭിക്കുന്ന സൗജന്യ ചികിത്സ നേടാന്‍ വേണ്ടി നടത്തുന്ന കുറ്റകൃത്യമാണ് ഫാസില്‍ റസാഖിന്റെ തടവ് പ്രമേയമാക്കുന്നത്.
ഡീഗോ ഡെല്‍ റിയോ ഒരുക്കിയ സ്പാനിഷ് ചിത്രം ഓള്‍ ദി സൈലെന്‍സ്, ടോട്ടം എന്നിവയാണ് ഈ വിഭാഗത്തിലെ സ്പാനിഷ് ചിത്രങ്ങള്‍. മുത്തച്ഛന്റെ വീട്ടില്‍ ദിവസം ചിലവഴിക്കാനെത്തുന്ന സോള്‍ എന്ന ബാലികയുടെ ജീവിതാനുഭവങ്ങളാണ് ടോട്ടം പ്രമേയമാക്കുന്നത്. എഡ്ഗാര്‍ഡോ ഡീലെക്ക്, ഡാനിയല്‍ കസബെ എന്നിവര്‍ ചേര്‍ന്നൊരുക്കിയ അര്‍ജന്റീനിയന്‍ ചിത്രം സതേണ്‍ സ്റ്റോം, പേര്‍ഷ്യന്‍ ചിത്രം അക്കില്ലസ്, അസര്‍ബൈജാന്‍ ചിത്രം സെര്‍മോണ്‍ ടു ദി ബേഡ്സ്, ഉസ്ബെക്കിസ്ഥാന്‍ ചിത്രം സണ്‍ഡേ, പോര്‍ച്ചുഗീസ് ചിത്രം പവര്‍ ആലി, പ്രിസണ്‍ ഇന്‍ ദി ആന്‍ഡീസ്, കസാഖിസ്ഥാന്‍ ചിത്രം ദി സ്‌നോ സ്റ്റോം എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.