അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ ഐ എ കോടതിയിൽ അപേക്ഷ നൽകി. കൊച്ചിയിലെ എൻഐഎ കോടതിയിലാണ് അപേക്ഷ നൽകിയത്.ജാമ്യ വ്യവസ്ഥ അലൻ ഷുഹൈബ് ലംഘിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന പൊലീസും കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു,കര്‍ശന ഉപാധികളോടെയാണ് പന്തീരങ്കാവ് യു എ പി എ കേസില്‍ എന്‍ ഐ എ കോടതി അലന്‍ ഷുഹൈബിന് ജാമ്യം നല്‍കിയിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം കണ്ണൂര്‍ പാലയാട് ലോ കോളേജ് ക്യാമ്പസില്‍ വെച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ചെന്ന് കാട്ടി എസ് എഫ് ഐ അലൻ ഷുഹൈബിനെതിരെ പരാതി നൽകിയിരുന്നു. ഈ പരാതിയില്‍ അലനെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തിരുന്നു.
ഈ കേസ് ചൂണ്ടിക്കാട്ടിയാണ് പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്‍ ഐ എ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അലന്‍റെ വീട് പന്നിയങ്കര സ്റ്റേഷന്‍ പരിധിയിലായതിനാല്‍ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള ചുമതല പന്നിയങ്കര എസ്എച്ച്ഒക്കായിരുന്നു.

