സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രവചനവുമായി വീണ്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ആംആദ്മി പാർട്ടി സൂറത്തിൽ ഏഴ് മുതൽ എട്ട് വരെ സീറ്റുകളിൽ ജയിക്കുമെന്നും പാർട്ടിക്ക് ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നുമാണ് കെജ്‌രിവാളിന്റെ അവകാശവാദം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇത്തവണ 92 സീറ്റുകൾ ലഭിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുളള തന്റെ അഭിപ്രായം പേപ്പറിൽ എഴുതി മാധ്യമങ്ങളെ കാണിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് അഞ്ചിൽ താഴെ സീറ്റ് മാത്രമെ ലഭിക്കു എന്നും അദ്ദേഹം ഇതിന് മുൻപ് പ്രസ്താവിച്ചിരുന്നു.
ആംആദ്മിക്ക് ലഭിക്കുന്ന സീറ്റുകളുടെ സൂചനകൾക്ക് പുറമെ പാർട്ടിയുടെ ഗുജറാത്തിലെ മുതിർന്ന നേതാവ് ഗോപാൽ ഇറ്റാലിയ (33) വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. കൂടാതെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗദ്വി, പാർട്ടി നേതാവ് അൽപേഷ് കത്തിരിയ എന്നിവരും തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്തിലെ ജനങ്ങൾക്ക് ധാരാളം വാഗ്ദാനങ്ങളും കെജ്‌രിവാൾ നൽകി. ഗുജറാത്തിൽ നിലനിൽക്കുന്ന ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷത്തിൽ നിന്നും വ്യാപാരികളെ മോചിപ്പിക്കുമെന്നും സ്വകാര്യ സ്‌കൂളുകളിലെ ഫീസ് വർദ്ധന അനുവദിക്കില്ലെന്നും സൗജന്യവും മികച്ചതുമായ ചികിത്സാ സഹായങ്ങൾ ജനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തൊഴിലില്ലായ്മയിൽ നിന്നും സംസ്ഥാനത്തെ രക്ഷിക്കാൻ ആംആദ്മി പാർട്ടിക്ക് മാത്രമേ കഴിയു എന്നും കെജ്‌രിവാൾ അവകാശപ്പെട്ടു. ഇതിനായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട്് നൽണമെന്ന് ആംആദ്മി നേതാവ് യുവാക്കളോടും സ്ത്രീകളോടും അഭ്യർത്ഥിച്ചു.
സർക്കാർ നടത്തുന്ന പരീക്ഷകളുടെ പേപ്പറുകൾ ചോർത്തുന്നവർക്ക് 10 വർഷം തടവ് ലഭിക്കുമെന്നും കൂടാതെ തൊഴിൽ ലഭിക്കുന്നത് വരെ തൊഴിൽരഹിതർക്ക് 3,000 രൂപ അലവൻസായി ലഭിക്കുമെന്നും കെജ്‌രിവാൾ വാഗ്ദാനം നൽകി. കൂടാതെ ആംആദ്മി പാർട്ടിയും ബിജെപിയുമായി മത്സരമില്ലെന്നും തന്റെ പാർട്ടി വളരെ മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയെ ജനങ്ങൾ ഭയക്കുന്നതിനാലാണ് അവർ ആംആദ്മി പാർട്ടിക്ക് പരസ്യമായി പിന്തുണ നൽകുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നതെന്ന് കെജ്‌രിവാൾ അഭിപ്രായപ്പെട്ടു. കൂടാതെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എങ്ങുമെത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ഒന്നിനാണ് ഗുജറാത്തിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും വോട്ടെണ്ണൽ ഡിസംബർ എട്ടിനും നടക്കും.