ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെതിരെ എഫ്ഐആറില്‍ പരാമര്‍ശം.മോഫിയ പര്‍വീണിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കിയെന്നുമാണ് എഫ്ഐആറിലെ പരാമർശം. മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സുധീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് മോഫിയയുടെ കുടുംബവും ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയനായതിന് പിന്നാലെ സുധീറിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസി. കമീഷണറുടെ നേതൃത്വത്തില്‍ വകുപ്പുതര അന്വേഷണവും സുധീറിനെതിരെ പ്രഖ്യാപിച്ചിട്ടുണ്ട്.
കേസ് കൈകാര്യം ചെയ്യുന്നതിൽ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണ്. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ പിതാവ് മൂന്നാം പ്രതിയും മാതാവ് രണ്ടാം പ്രതിയുമാണ്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ചൊവാഴ്ച കോടതി വിധി പറയും.