വിവാഹം രജിസ്റ്റർചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയാകും.
2008 ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും മതഭേദമെന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും കരാർ പ്രകാരമുണ്ടാക്കുന്ന ബന്ധം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് 2015 ൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ മതാചാരപ്രകാരമുള്ള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ തദ്ദേശ രജിസ്ട്രാർമാർ മതം പരിഗണിച്ച് വ്യത്യസ്ത സമീപനമെടുക്കുന്നതായി സർക്കാരിന് പരാതി ലഭിച്ചു.
നിലവിൽ പലയിടങ്ങളിലും ജനനത്തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റുപോലുള്ള രേഖകളിൽനിന്നാണ് രജിസ്ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധികവിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയതെന്നും മന്ത്രി പറഞ്ഞു.

