വിവാഹശേഷം വീട്ടുജോലി ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഗാര്‍ഹിക പീഡനമായി കാണാനാവില്ലെന്ന് മുംബൈ ഹൈക്കോടതി.ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന്‍റേതാണ് ഉത്തരവ്. ഗാര്‍ഹിക പീഡനവും കൊലപാതക ശ്രമവും അടക്കമുള്ള പരാതികളുമായി വിവാഹിതയായ യുവതി നന്ദേത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന അപേക്ഷയിലാണ് കോടതിയുടെ നിരീക്ഷണം.2019 ഡിസംബറിൽ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു മാസത്തിനു ശേഷം ഭർത്താവും ബന്ധുക്കളും വേലക്കാരിയോടെന്ന പോലെയാണ് പെരുമാറിയതെന്നാണ് യുവതിയുടെ ആരോപണം. കാര്‍ വാങ്ങാൻ ഭര്‍ത്താവ് തന്നോട് നാല് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. അച്ഛന്റെ പക്കൽ പണമില്ലെന്ന് പറഞ്ഞപ്പോൾ ഭർത്താവ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.ആണ്‍കുട്ടിക്ക് ജന്മം നല്‍കാന്‍ സാധിക്കുമോയെന്ന് അറിയാനായി യുവതിയെ ഡോക്ടറുടെ പക്കല്‍ കൊണ്ടുപോയി, ഗര്‍ഭകാലം പൂര്‍ത്തിയായില്ലെന്ന് ഡോക്ടര്‍ പറഞ്ഞതിനേ തുടര്‍ന്ന് ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്ന് മര്‍ദ്ദിച്ചു, നാല് ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അനുവദിക്കൂവെന്ന് ഭീഷണിപ്പെടുത്തി, എന്നതടക്കമുള്ള ആരോപണങ്ങളാണ് യുവതിയുടെ പരാതിയില്‍ ഉള്ളത്.എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവും സഹോദരിയും ഭര്‍തൃമാതാവും കോടതിയിലെത്തിയത്. ആദ്യ ഭര്‍ത്താവിനെതിരെയും സമാനമായ ആരോപണം യുവതി ഉന്നയിച്ചിരുന്നുവെന്ന് ഇവര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ നേരത്തെ പരാതി നല്‍കിയത് കൊണ്ടുമാത്രം യുവതിക്ക് വ്യാജ പരാതി നല്‍കുന്ന ശീലമുള്ളതായി കണക്കാക്കാന്‍ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു.യുവതിയുടെ പരാതിയില്‍ ഗാര്ഹിക പീഡനത്തിനുള്ള വകുപ്പ് ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. യുവതിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാണിച്ചു.