സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കിഴക്കന്‍ കാറ്റ് ശക്തിപ്പെട്ടതിനാല്‍ അടുത്ത അഞ്ച് ദിവസം പരക്കെ മഴയും ഇടിമിന്നലും ഉണ്ടാകും. വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത മൂന്ന് ദിവസം പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ഒക്ടോബര്‍ 28: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
ഒക്ടോബര്‍ 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബര്‍ 30: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ഒക്ടോബര്‍ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്തെ എട്ട് കെഎസ്ഇബി അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. പൊന്മുടി, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ (ഇടുക്കി), ഷോളയാര്‍, പെരിങ്ങല്‍കുത്ത് (തൃശൂര്‍), മൂഴിയാര്‍, കക്കി ആനത്തോട് (പത്തനംതിട്ട) എന്നീ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്. ഇടുക്കി, മാട്ടുപ്പെട്ടി (ഇടുക്കി), ആനയിറങ്ങല്‍ അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ടുമാണ് നിലവില്‍.

