കേരളപ്പിറവിയുടെ അറുപത്തിമൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 63 ദിന സൈക്കിള്‍ യജ്ഞവുമായി കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍.എസ്.എസ്, ഗ്രീന്‍ കെയര്‍ മിഷന് ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണ് കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സന്നദ്ധരായ, കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒക്ടോബര്‍ 31 ന് രാവിലെ 8.30 ന് മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍ പരിസരത്ത് സൈക്കിള്‍ യജ്ഞത്തിന് തുടക്കമാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു, കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും. നവകേരളം ഹരിത കേരളം എന്ന മുദ്രവാക്യമുയര്‍ത്തി 2019 ഒക്ടോബര്‍ 31 മുതല്‍ 2020 ജനുവരി 1 വരെ നടത്തുന്ന 63 ദിന സൈക്കിള്‍ യജ്ഞത്തിന് ജില്ലാ ഹരിതകേരള മിഷന്, ആസ്റ്റര്‍ വളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവുമുണ്ട്.
സിറ്റി ക്ലസ്റ്റര്‍ ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് ഒരുക്കുന്ന പ്രതീകാത്മക സൈക്കിള്‍ കേരളം, എ.കെ.പി.എ കോഴിക്കോട് നോര്‍ത്ത് മേഖലയിലെ 63 ഫോട്ടോ ആക്ടിവിസ്റ്റുകളുടെ വണ്‍ ക്ലിക്ക് ഫോട്ടോ ഷൂട്ട്, കൊച്ചിന് ബേക്കറി ഒരുക്കുന്ന ഭീമന് പിറന്നാള്‍ കേക്ക്, ജെ.സി.ഐ സോണല്‍ 21 ന്റെ ഗോ ഗ്രീന്‍ ട്രീ ചലഞ്ച് തുടങ്ങിയ വേറിട്ട ചടങ്ങുകളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദുരന്തനിവാരണ പരിശീലന പരിപാടികള്‍, ഹരിത കേരളം, ഉത്തരവാദിത്ത ടൂറിസം, ആരോഗ്യ കേരളം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തും. സൈക്കിള്‍ ഒരു സ്വപ്നമായി കൊണ്ട് നടക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പോണ്‍സര്‍മാരുടെ സഹായത്തോടെ സൗജന്യമായി സൈക്കിളുകള്‍ നല്കല്, പുനരുപയോഗത്തിന് സാധ്യമായ പഴയ സൈക്കിളുകള്‍ ശേഖരിച്ച് റിപ്പയര്‍ ചെയ്ത് നല്കല്, സൈക്കിള്‍ ടൂറുകള്‍, വിവിധ മത്സരങ്ങള്‍, തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. 139 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ 13900 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പരിപാടിയില്‍ പങ്കാളികളാവും.