ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് അന്തരിച്ചു.കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ എം.എസ്.സ്വാമിനാഥൻ ആണ് (98) അന്തരിച്ചത്. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്തായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എം.എസ്.സ്വാമിനാഥനാണ് ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ സാഹചര്യങ്ങളിൽ തുടർച്ച നൽകിയത്. നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുൽപാദന ശേഷിയുള്ള വിത്തിനങ്ങൾ വികസിപ്പിച്ചെടുത്ത മഹാപ്രതിഭ കൂടിയാണ് വിട വാങ്ങിയത്. 1943ലെ ബംഗാൾ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യർ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിർമാർജനം ചെയ്യുന്നതിനായി ജീവിതം അർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. 1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്കു പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കു വഹിച്ചു.1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മിഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്.പഴയ മഹാരാജാസ് കോളജിൽ നിന്നു ജന്തുശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ തുടർപഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാർഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, റമൺ മാഗ്‌സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥൻ അന്തരിച്ചു

