കോഴിക്കോട് : വിവിധയിടങ്ങളിലായി ഇന്നും ഇന്നലെയുമായി നടന്ന കോവിഡ് പരിശോധനയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പത്ത് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ൽ ഏഴു പേർക്കും, വാർഡ് 3 ൽ രണ്ടു പേർക്കും, വാർഡ് ഒന്നിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വാർഡ് പതിനാറിൽ സ്ഥിരീകരിച്ചിക്കുന്നവരിൽ ആറു പേർ രണ്ടു കുടുംബങ്ങളിൽ നിന്നായി ഉള്ളവരാണ്. ഇതിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്ക് പെരുവയൽ പഞ്ചായത്തിന് കീഴിൽ നടന്ന ആന്റിജൻ പരിശോധനയിലും, മറ്റൊരു കുടുംബത്തിലെ മൂന്നു പേർക്ക് മാവൂരിൽ വെച്ച് നടന്ന ആർ ടി പി സി ആർ പരിശോധനയിലുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതേ വാർഡിലെ മറ്റൊരു വ്യക്തി തിരുവമ്പാടിയിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ആയത്.
അതേസമയം വാർഡ് മൂന്നിലെ ഒരു കുടുംബത്തിലെ രണ്ടു പേർക്കും, വാർഡ് ഒന്നിലെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, നിലവിലെ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് നാളെ രാവിലെ കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച്, കുന്ദമംഗലം സ്വദേശികളായ കോവിഡ് ലക്ഷണം ഉള്ള ആളുകൾക്കും, രോഗം സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കമുള്ള ആളുകൾക്കുമായ് 200 പേർക്കുള്ള ആന്റിജൻ പരിശോധന നടത്തും. ഇക്കാര്യം കുന്ദമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു അറിയിച്ചു