Kerala News

വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

വനിത മത്സ്യ വിപണന തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആര്‍. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
പാളയം മാര്‍ക്കറ്റിന് മുന്നില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകള്‍ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവര്‍ഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം രൂപ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കെ. എസ്. ആര്‍. ടി. സി സിവില്‍ സപ്ളൈസുമായി കൈകോര്‍ത്തുകൊണ്ട് സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി തുടങ്ങാനും തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി സ്ത്രീകള്‍ വിപണനത്തിനായി പോകുമ്പോള്‍ നേരിടുന്ന യാത്രക്‌ളേശത്തിന് ഇതിലൂടെ പരിഹാരം കാണാനാവുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മൂന്ന് ലോഫ്‌ളോര്‍ ബസുകളാണ് കെ. എസ്. ആര്‍. ടി. സി ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ഫിഷിംഗ് ഹാര്‍ബറുകളില്‍ നിന്ന് തിരുവനന്തപുരത്തെ വിവിധ കച്ചവട കേന്ദ്രങ്ങളിലേക്ക് രാവിലെ ആറു മുതല്‍ 10 വരെയുള്ള സമയത്താണ് സര്‍വീസുകള്‍ നടത്തുക. 24 പേര്‍ക്ക് ഒരു ബസില്‍ യാത്ര ചെയ്യാന്‍ കഴിയും. മത്സ്യക്കൊട്ടകള്‍ സൗകര്യപ്രദമായി പുറത്തു നിന്ന് ലോഡ് ചെയ്യാവുന്ന വിധത്തിലുള്ള റോള്‍ പ്‌ളാറ്റ്‌ഫോം, ക്യാമറയിലൂടെ നിരീക്ഷിച്ച് ഡ്രൈവര്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡോറുകള്‍, മ്യൂസിക്ക് സിസ്റ്റം, റിയര്‍ ക്യാമറ, ഉപ്പു കലര്‍ന്ന ജലം സംഭരിക്കുന്നതിന് സംഭരണ ടാങ്ക് എന്നീ സൗകര്യങ്ങളും ബസുകളില്‍ ഒരുക്കിയിട്ടുണ്ട്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍, ലൈഫ് പദ്ധതിക്ക് പുറമെ, തീരദേശത്ത് 20,000 വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പുനര്‍ഗേഹം പദ്ധതിയില്‍ 31 അസംബ്ളി മണ്ഡലങ്ങളില്‍ 700 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. മുഖ്യമന്ത്രി സെപ്റ്റംബര്‍ 16ന് ഇതിന്റെ താക്കോല്‍ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും സീഫുഡ് റസ്റ്റോറന്റുകള്‍ ആരംഭിക്കും. വിഴിഞ്ഞത്ത് ഇതിനുള്ള കെട്ടിടം പണി പുരോഗമിക്കുകയാണ്. കേരളത്തില്‍ വ്യാപകമായി അക്വാ ടൂറിസം പദ്ധതി നടപ്പാക്കാനും നടപടി സ്വീകരിച്ചു വരുന്നു. ഉള്‍നാടന്‍ മത്സ്യകൃഷി പദ്ധതിയിലൂടെ 10600 പേര്‍ക്ക് തൊഴില്‍ നല്‍കിയതായി മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയുടെ തീരമേഖലയില്‍ നിന്ന് നഗരത്തിലേക്ക് മത്സ്യക്കച്ചവടത്തിന് ഏകദേശം 400 സ്ത്രീകള്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ 285 മാര്‍ക്കറ്റുകളിലേക്ക് പോകുന്നുണ്ട്. ഇവരുടെ യാത്രപ്രശ്നത്തിന് സമുദ്ര പദ്ധതി പരിഹാരം കാണും. നിലവില്‍ വാടക വാഹനത്തിലും മറ്റുമായാണ് ഇവര്‍ നഗരത്തിലേക്ക് മത്സ്യം കൊണ്ടുവരുന്നത്. തിരുവനന്തപുരം ജില്ലയിലെ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍, എം. എല്‍. എമാരായ വി. കെ. പ്രശാന്ത്, കെ. ആന്‍സലന്‍, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ഫിഷറീസ് ഡയറക്ടര്‍ ആര്‍. ഗിരിജ തുടങ്ങിയവര്‍ സംബന്ധിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!