ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്. ശ്രേയ യാദവ്(25), തനിയ സോണി(25) എന്നിവരും വെള്ളപ്പൊക്കത്തില്‍ മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. മൂവരുടെയും മൃതദേഹങ്ങള്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ റാവൂസ് ഐ.എ.എസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയത്. 45 വിദ്യാര്‍ഥികളാണ് ലൈബ്രറിയില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു വിദ്യാര്‍ഥികളെ കാണാതായിട്ടുമുണ്ട്.
കോച്ചിങ് സെന്ററിന് മുന്നില്‍ വലിയ പ്രതിഷേധം നടക്കുകയാണ്. വിദ്യാര്‍ഥികളും പ്രദേശവാസികളുമടക്കം നിരവധിയാളുകളാണ് ഇവിടെ തടിച്ചു കൂടിയിരിക്കുന്നത്. കോച്ചിങ് സെന്ററിലേക്ക് മാര്‍ച്ച് നടത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമം പൊലീസ് തടഞ്ഞു. സ്ഥലത്തെത്തിയ സ്വാതി മലിവാള്‍ എം.പിയെയും വിദ്യാര്‍ഥികള്‍ തടഞ്ഞു. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.