സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നും എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ്. പാര്‍ത്ഥ ചാറ്റര്‍ജി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം നാണക്കേടും അപമാനവും വരുത്തിവെച്ചതായി കുനാല്‍ ഘോഷ് പറഞ്ഞു.
‘പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നും എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും ഉടന്‍ പുറത്താക്കണം. എന്റെ പ്രസ്താവന തെറ്റാണെങ്കില്‍ എല്ലാ സ്ഥാനങ്ങളില്‍നിന്നും എന്നെ നീക്കം ചെയ്യാന്‍ പാര്‍ട്ടിക്ക് എല്ലാ അവകാശവുമുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകനായി തുടരും’ – കുനാല്‍ ഘോഷ് ട്വീറ്റ് ചെയ്തു. ഇപ്പോഴത്തെ സംഭവം ആശങ്കാജനകമാണെന്നും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിക്കും നമുക്കെല്ലാവര്‍ക്കും നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘എന്തിനു മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു പാര്‍ഥ ചാറ്റര്‍ജി ചോദിക്കുന്നു. നിരപരാധിയാണെന്ന് അദ്ദേഹം പൊതുസമൂഹത്തോടു പറയാത്തതെന്താണ്?. അങ്ങനെ പറയുന്നതില്‍നിന്ന് അദ്ദേഹത്തെ എന്താണ് തടയുന്നത്? – അദ്ദേഹം ചോദിച്ചു.
ശനിയാഴ്ച പാര്‍ഥ അറസ്റ്റിലായതിനു തൊട്ടുപിന്നാലെ, കുറ്റക്കാരനാണെന്നു തെളിയിക്കപ്പെടുന്നതുവരെ, പാര്‍ഥയെ മന്ത്രിസ്ഥാനത്തുനിന്നോ തൃണമൂല്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നോ നീക്കം ചെയ്യില്ലെന്നു കുനാല്‍ ഘോഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് അധ്യാപക-അധ്യാപകേതര നിയമനത്തിനായി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കേസിലാണ് പാര്‍ത്ഥ ചാറ്റര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. പാര്‍ത്ഥയുടെയും ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ അര്‍പ്പിതയുടേയും ഫ്ലാറ്റുകളില്‍ നിന്നായി 50 കോടിയിലേറെ രൂപയും സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കട്ടികളുമെല്ലാം കണ്ടെടുത്തിട്ടുണ്ട്.
അര്‍പ്പിതയുടെ രണ്ടാമത്തെ ഫ്ലാറ്റില്‍ കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ 29 കോടിയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്. ഫ്ലാറ്റിലെ ഷെല്‍ഫില്‍ ചാക്കുകളിലാണ് നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. 10 പെട്ടികളിലാക്കിയാണ് ഈ പണം ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയത്. നേരത്തെ കൊല്‍ക്കത്തയിലെ അര്‍പ്പിതയുടെ ഫ്ലാറ്റില്‍ നിന്നും 21 കോടി കണ്ടെടുത്തിരുന്നു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത വിശ്വസ്തനും മന്ത്രിസഭയില്‍ രണ്ടാമനുമായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി.